കൊച്ചി: കൊച്ചിയിലെ നടിയുടെ പരാതിയിൽ നാല് താരങ്ങൾ അടക്കം ഏഴുപേർക്കെതിരെ പൊലീസ് കേസ് എടുക്കും. മുകേഷ്, ഇടവേള ബാബു, മണിയൻ പിളള രാജു എന്നിവർക്കെതിരെ കൊച്ചിയിലും ജയസൂര്യക്കെതിരെ തിരുവനന്തപുരത്തുമാകും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനെതിരെയും നടി പരാതി ഉന്നയിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നടിയുടെ വിശദമായ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തി. പത്തു മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കല്‍ രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്. മൊഴികള്‍ പരിശോധിച്ചശേഷമായിരിക്കും അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക് കടക്കുക.
ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്ത് വച്ചാണ് ജയസൂര്യ തന്നോട് മോശമായി പെരുമാറിയതെന്നാണ് നടിയുടെ ആരോപണം. അതിനാല്‍ ഈ കേസ് തിരുവനന്തപുരത്താണ് രജിസ്റ്റര്‍ ചെയ്യുക.
കേസുകള്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. പൊലീസ് ഇന്ന് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നത്.
ഓരോ പരാതിയും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ആരോപണങ്ങൾ വർഷങ്ങൾക്ക് മുന്നെ നടന്നിട്ടുളളതും ഗൗരവമേറിയതുമായതിനാൽ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നടിയുടെ പക്കലുള്ള തെളിവുകളും പൊലീസ് ശേഖരിക്കും. കേസ് മുന്നിൽക്കണ്ട് ആരോപണം നേരിടുന്നതാരങ്ങളും മുൻകൂർ ജാമ്യത്തിനായി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.