കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ അപ്പീൽ ഇല്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ മടക്കും. അപ്പീലിന് സാധ്യത ഇല്ലെന്ന് മറുപടി നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിന് മുൻകൂർ ജാമ്യം നൽകിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മുകേഷിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു തീരുമാനം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കുമെന്നും അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുന്‍കൂര്‍ ജാമ്യ ഉത്തരവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയത്.
മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കുമെന്ന് മുകേഷ് പ്രതികരിച്ചിരുന്നു. വൈകി ആണെങ്കിലും സത്യം തെളിയുമെന്നും നിയമ പോരാട്ടം തുടരുമെന്നുമായിരുന്നു മുകേഷിൻ്റെ പ്രതികരണം.
മരട് പൊലീസാണ് നടിയുടെ പരാതിയിൽ മുകേഷിന്റെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.