പ്ലസ് വൺ പ്രവേശനം; മലപ്പുറത്ത് 120 താത്കാലിക അധിക ബാച്ചുകൾ ; കാസർഗോഡ് 18 ബാച്ചുകൾ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു അലോട്മെന്റിലും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർഗോഡ് ജില്ലകളിലെ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനത്തിനായി പ്രസ്തുത ജില്ലകളിലാണ് താത്കാലിക അധിക ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

2023-24 അധ്യയന വർഷം സംസ്ഥാനത്ത് ആകെ 4,25,671 (നാലു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി അറുനൂറ്റി എഴുപത്തൊന്ന്) വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പാസായി ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. പ്ലസ് വൺ പഠനത്തിനായി ആകെ 4,33,471 (നാലു ലക്ഷത്തി മുപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തൊന്നു) സീറ്റുകൾ മാർജിനൽ സീറ്റ് വർദ്ധനവ് ഉൾപ്പെടെ സർക്കാർ എയ്ഡഡ്,അൺ-എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ലഭ്യമാണ്. സർക്കാർ,എയ്ഡഡ് മേഖലയിൽ 3,78,580 (മൂന്ന് ലക്ഷത്തി എഴുപത്തിയെട്ടായിരത്തി അഞ്ഞൂറ്റി എണ്പ8ത്) സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.

ഈ അക്കാദമിക വർഷം പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനായി അലോട്ട്‌മെന്റുകളുടെ തുടക്കത്തിൽ തന്നെ 2024 മെയ്‌ 8-ലെ സർക്കാർ ഉത്തരവ് പ്രകാരം 2023-24 വർഷം താൽക്കാലികമായി അനുവദിച്ചതും നിലനിർത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ആകെ 178 ബാച്ചുകൾ തുടരുന്നതിനും മലബാർ മേഖലയിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധനയും എല്ലാ എയ്ഡഡ് സ്‌കൂളുകൾക്കും 20 % മാർജിനൽ സീറ്റ് വർദ്ധനയും ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് അധികമായി 10 % മാർജിനൽ സീറ്റ് വർദ്ധനയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് മലപ്പുറം, കാസർഗോഡ് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഉണ്ടെന്ന് പ്രാദേശികമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുകയുണ്ടായി.മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സീറ്റ് പ്രതിസന്ധി സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുമായി 2024 ജൂൺ 25 ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ പത്താം ക്ലാസിൽ നിന്ന് തുടർപഠന യോഗ്യത നേടിയ എല്ലാവർക്കും ഹയർ സെക്കൻഡറി പഠനത്തിന് അവസരം ലഭിക്കുന്നില്ല എന്ന കാര്യത്തിൽ, കുറവുളള സീറ്റുകളുടെ എണ്ണം പരിശോധിച്ച് ഗവ:ഹയർ സെക്കൻഡറി സ്‌കൂളുകളിൽ താത്കാലിക അഡീഷണൽ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.

പ്രസ്തുത കമ്മിറ്റി ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ സ്ഥിതി കണ്ണൂർ വിദ്യാഭ്യാസ ഉപമേധാവിയും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടൂണ്ട്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ലഭിച്ച അപേക്ഷകളും ലഭ്യമായ സീറ്റുകളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കാസർഗോഡ് ജില്ലകളിലെ വിവിധ താലൂക്കുകളിൽ താൽക്കാലിക അധിക ബാച്ചുകൾ അടിയന്തിരമായി അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെന്റുകൾക്ക് ശേഷം പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ താലൂക്കടിസ്ഥാനത്തിൽ വിഷയ കോമ്പിനേഷൻ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിൽ സീറ്റുകളുടെ കുറവ് സമിതി കണ്ടെത്തുകയുണ്ടായി. സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ജില്ലയിലെ 85 സർക്കാർ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ പരിശോധിച്ചതിൽ 74 സ്‌കളുകളിൽ സൗകര്യം ഉണ്ടെന്നു കണ്ടെത്തി. പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ ഗവ. വിദ്യാലയങ്ങൾ മാത്രമേ പരിഗണിച്ചിട്ടുള്ളു.
ഹുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളും കൂടി ആകെ 120 താത്കാലിക ബാച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിക്കുന്നത് നിലവിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഉതകുന്നതാണ്.

മലപ്പുറം ജില്ലയ്ക്ക് പുറമെ കാസർഗോഡ് ജില്ലയിലും വിവിധ താലൂക്കുകളിൽ സീറ്റുകളുടെ കുറവുണ്ട്. ഇതു പരിഹരിഹരിക്കുന്നതിനായി ഒരു സയൻസ് ബാച്ചും 4 ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുകളും ഉൾപ്പടെ ആകെ 18ബാച്ചുകൾ അനുവദിച്ചു.

മലപ്പുറം ജില്ലയിലും കാസർഗോഡ് ജില്ലയിലുമായി ആകെ 138 താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് ഒരു വർഷം പതിനാല് കോടി തൊണ്ണൂറ് ലക്ഷത്തി നാൽപതിനായിരം രൂപയുടെ (14,90,40,000) അധിക സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നു.
ഇതോടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *