മുണ്ടക്കൈ ദുരന്തം: വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് യേനെപോയ സർവകലാശാല

മംഗളൂരു: മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകളായ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മംഗളൂരു യേനെപോയ കൽപ്പിത സർവകലാശാല. ദുരന്തബാധിത കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ചാൻസലർ യേനെപോയ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു.

എം.ബി.ബി.എസ്, ബി.ഡി.എസ്, ഫിസിയോ തെറാപ്പി, നഴ്‌സിങ്, എഞ്ചിനീയറിങ് തുടങ്ങി മെഡിക്കൽ-പാരാമെഡിക്കൽ-പ്രൊഫഷണൽ-ബിരുദ കോഴ്‌സുകളിൽ ഉൾപ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുക. ദുരിത ബാധിത കുടുംബങ്ങളിലെ നിലവിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾ, യേനെപോയ സർവകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകളിൽ പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ച യോഗ്യത നേടുന്ന മുറക്ക് അവർക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും.

യേനെപോയ കൽപിത സർവകലാശാലയടക്കം യേനെപോയ ഗ്രുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിരിക്കും ഇവർക്ക് പ്രവേശനം നൽകുക. ഫീസ്, ഭക്ഷണം, താമസം തുടങ്ങിയവയെല്ലാം സൗജന്യമായി നൽകും. സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തി സൗജന്യ വിദ്യാഭ്യാസം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് യേനെപോയ അധികൃതർ വ്യക്തമാക്കി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *