മലപ്പുറം : ഹൈസ്‌കൂളില്‍ പാസാവാൻ ഓരോവിഷയത്തിലും മിനിമംമാർക്ക് വേണമെന്ന് സർക്കാർ നിർബന്ധമാക്കിയിരിക്കേ, എട്ട്, ഒൻപത് ക്ലാസുകളില്‍ സേ പരീക്ഷയും വരുന്നു. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന മാർഗരേഖയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പൊതുപരീക്ഷ പത്താംക്ലാസിലായതിനാല്‍ എട്ട്, ഒൻപത് ക്ലാസുകളില്‍ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാൻ ഓരോവിഷയത്തിലും എഴുത്തുപരീക്ഷയില്‍ മിനിമംമാർക്ക് വേണമെന്നാണ് ഈ വർഷംമുതലുള്ള നിബന്ധന. ഇത്തവണ എട്ടാംക്ലാസ് മുതല്‍ ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
കുട്ടികളുടെ പഠനനിലവാരം വിലയിരുത്താൻ വർഷം മൂന്നുഘട്ടത്തിലുള്ള വിലയിരുത്തലുമുണ്ടാവും. പാദവാർഷിക പരീക്ഷയ്ക്കുശേഷമായിരിക്കും ആദ്യത്തെ വിലയിരുത്തല്‍. കുട്ടി ഏതുവിഷയത്തിലാണ് പിന്നിലെന്നു മനസ്സിലാക്കി പഠന പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടല്‍ സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടാവും. അർധവാർഷിക പരീക്ഷയുടെ സമയത്തും വിലയിരുത്തലുണ്ടാവും. വാർഷിക പരീക്ഷയ്ക്കുശേഷം കുട്ടിയെ സമഗ്രമായി വിലയിരുത്തി പഠനപിന്തുണ ഉറപ്പാക്കാൻ ബ്രിഡ്ജ് കോഴ്‌സ് നല്‍കും. ഒന്നോ രണ്ടോ വിഷയങ്ങളിലാണ് പരാജയപ്പെട്ടതെങ്കില്‍ സേ പരീക്ഷയ്ക്ക് അവസരമൊരുക്കും.
പഠനപിന്തുണ നല്‍കാനുള്ള ചുമതല സ്കൂള്‍ റിസോഴ്‌സ് ഗ്രൂപ്പുകള്‍ക്കായിരിക്കും (എസ്.ആർ.ജി.). ഗണിതത്തിലും ഭാഷാവിഷയങ്ങളിലും ഊന്നല്‍നല്‍കിയുള്ള പ്രവർത്തനങ്ങളുമുണ്ടാവും.