തേഞ്ഞിപ്പലം: എഴുതിയ പരീക്ഷയുടെ ഫലം നോക്കിയപ്പോള്‍ വിത്ഹെല്‍ഡ് (ഫലം തടഞ്ഞുവെച്ചിരിക്കുന്നു) എന്നുകണ്ട് അന്വേഷിക്കാനാണ് മുക്കം എം.എ.എം.ഒ. കോളേജിലെ രണ്ടു വിദ്യാർഥികള്‍ കാലിക്കറ്റ് സർവകലാശാലയിലെത്തിയത്. ബി.എസ്സി. ഫിസിക്സ് നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയാണ് രണ്ടുപേരും എഴുതിയിരുന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പലതവണ സർവകലാശാലയിലെത്തി അന്വേഷിച്ചു. ഉത്തരക്കടലാസുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പരിഹാരമായി രണ്ടുപേരോടും ഒരിക്കല്‍കൂടി പരീക്ഷ എഴുതിക്കോളാനും പരീക്ഷാ ഫീസ് ഒഴിവാക്കിത്തരാമെന്നും പറഞ്ഞു. അങ്ങനെ രണ്ടുപേരും വീണ്ടും പരീക്ഷയ്ക്ക് ഒരുങ്ങി. ഫീസ് ഇളവൊന്നും കിട്ടിയില്ല. വീണ്ടും പരീക്ഷയെഴുതിയെങ്കിലും ഫലംവന്നപ്പോള്‍ വിത് ഹെല്‍ഡ് തന്നെ. രണ്ടാമതെഴുതിയ പരീക്ഷയില്‍ വിദ്യാർഥികള്‍ തോറ്റെന്നും വീണ്ടും പരീക്ഷയെഴുതാനായി തടഞ്ഞുവെച്ച ഫലം പ്രസിദ്ധീകരിക്കാമെന്നുമായിരുന്നു അധികൃതരുടെ മറുപടി. ഉത്തരക്കടലാസ് സർവകലാശാലയിലേക്ക് അയച്ചതായും ഇതിന്റെ തപാല്‍ രേഖകള്‍ ഫയലിലുണ്ടെന്നും കോളേജ് അധികൃതർ പറഞ്ഞു.
വിഷയം പരീക്ഷാ സ്ഥിരംസമിതിയുടെ കീഴിലാണെന്നാണ് സർവകലാശാല അധികൃതർ ഇപ്പോള്‍ പറയുന്നത്. ആരോ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയതിന്റെ ഫലമായി വീണ്ടും വീണ്ടും പരീക്ഷയെഴുതി കാലംകളയേണ്ട ഗതികേടിലാണ് ഈ വിദ്യാർഥികളിപ്പോള്‍.