തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകരുടെ ശമ്പള ബില്ലുകൾ ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർക്ക് ട്രഷറികളിൽ നേരിട്ട് സമർപ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പിന്‍റെ ഉത്തരവ്. പകരം പഴയരീതിയിൽ അംഗീകാര അതോറിറ്റിയുടെ (വിദ്യാഭ്യാസ ഓഫിസർമാർ) ഡിജിറ്റൽ മേലൊപ്പ് വാങ്ങിയ ശേഷമേ ഒക്ടോബർ മുതൽ ബില്ലുകൾ സമർപ്പിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ നിർദേശമുണ്ട്. ഇതോടെ പ്രൈമറി സ്കൂളുകളിലെ ശമ്പളം മാറാൻ ബില്ലുകൾ എ.ഇ.ഒക്കും ഹൈസ്കൂളുകളിലേതിന് ഡി.ഇ.ഒക്കും ഹയർസെക്കൻഡറികളിലേതിന് ആർ.ഡി.ഡിമാർക്കും ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർ സമർപ്പിക്കണം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
എയ്ഡഡ് കോളജുകളിലെ ശമ്പള ബിൽ മാറാൻ പ്രിൻസിപ്പൽമാർ ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയറക്ടർമാർക്കും സമർപ്പിച്ച് ഡിജിറ്റൽ മേലൊപ്പ് വാങ്ങിയ ശേഷമായിരിക്കണം ട്രഷറിയിൽ സമർപ്പിക്കേണ്ടത്. 2020 ഡിസംബർ 22ന് ഇറക്കിയ ഉത്തരവിലൂടെയാണ് എയ്ഡഡ് സ്ഥാപന മേധാവികൾക്ക് അംഗീകാര അതോറിറ്റിയുടെ മോലൊപ്പില്ലാതെ നേരിട്ട് ട്രഷറിയിൽ ബിൽ സമർപ്പിച്ച് ശമ്പളം മാറാൻ അധികാരം നൽകിയത്.
പല എയ്ഡഡ് സ്ഥാപനങ്ങളിലും ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർ വിരമിച്ചിട്ടും പകരം നിയമനം നടത്താതെ ദീർഘനാൾ താൽക്കാലിക ചുമതല നൽകുന്നതായും ഇവർ സമർപ്പിക്കുന്ന ബില്ലുകൾ മാറി നൽകുന്നത് ധനകാര്യ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മേലധികാരിയുടെ ഒപ്പ് വേണമെന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചത്. ധനവകുപ്പിന്‍റെ ഉത്തരവ് ഫലത്തിൽ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം വൈകാൻ വഴിവെക്കും. സ്ഥാപന മേധാവികൾ സമർപ്പിക്കുന്ന ബിൽ മേലാധികാരി ഒപ്പിട്ടാലേ ട്രഷറിയിൽനിന്ന് ശമ്പളം മാറാൻ സാധിക്കൂ. ഒന്നിലധികം ജില്ലകളിലെ ഹയർസെക്കൻഡറി സ്കൂളുകളിലെയും കോളജുകളിലെയും ശമ്പള ബില്ലുകളാണ് ഹയർസെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർമാരും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരും ഒപ്പിട്ടുനൽകേണ്ടത്. ഇതിന് കൂടുതൽ സമയമെടുക്കും. ഡി.ഇ.ഒ, എ.ഇ.ഒ ഓഫിസുകളുടെ പരിധിയിലും ഒട്ടേറെ സ്കൂളുകൾ വരുന്നുണ്ട്.
എന്നാൽ, ഓൺലൈൻ രീതിയിൽ സമർപ്പിക്കുന്ന ഇ-ബില്ലുകൾക്ക് മേലൊപ്പിടുന്നതിൽ കാലതാമസം വരില്ലെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. ധനവകുപ്പിന്‍റെ ഉത്തരവിനെതിരെ സി.പി.എം അനുകൂല അധ്യാപക സംഘനകളുൾപ്പെടെ രംഗത്തുവന്നിട്ടുണ്ട്. ഉത്തരവ് എയ്ഡഡ് അധ്യാപകരുടെ ശമ്പളം അനിശ്ചിതമായി വൈകിപ്പിക്കുമെന്നും പിൻവലിക്കണമെന്നും കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് ഡി. സുധീഷും ജനറൽ സെക്രട്ടറി കെ. ബദറുന്നിസയും ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും സർക്കാർ ‘ഈസ് ഓഫ് ഡൂയിങ്’ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ അതിനു വിരുദ്ധമായി ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് എ.കെ.പി.സി.ടി.എയും ആവശ്യപ്പെട്ടു. എയ്ഡഡ് സ്ഥാപന മേധാവികൾക്ക് ശമ്പളം മാറാൻ ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് നൽകിയ അധികാരമാണ് ഇടതുസർക്കാർ എടുത്തുകളഞ്ഞതെന്നും ഇതു പിൻവലിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ആവശ്യപ്പെട്ടു.