കേരളത്തിൽ നാലായിരത്തോളം അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്ന് റിപ്പോർട്ട്. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുന്നതാണ് അധ്യാപകർക്ക് വെല്ലുവിളിയാകുന്നത്.
ഈ അധ്യായന വർഷത്തിൽ മുൻ കൊല്ലത്തെ അപേക്ഷിച്ച് ഒന്നേകാൽ ലക്ഷത്തിലേറെ കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. കുട്ടികളുടെ എണ്ണം കുറയുന്നതിന് ആനുപാതികമായി അധ്യാപകരുടെ എണ്ണത്തിലും കുറവ് വരുത്തേണ്ടി വരുന്നതാണ് അധ്യാപകർക്ക് പ്രതിസന്ധിയാകുക. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് പുനർവിന്യസിച്ച് പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം കാണും. എന്നാൽ, സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടപ്പെടുന്നവരെ സംരക്ഷിച്ചുനിർത്തേണ്ടിവരും.
സർക്കാർ സ്കൂളിൽ കഴിഞ്ഞവർഷം ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ 12.23 ലക്ഷം കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഈ വർഷം 11.60 ലക്ഷം കുട്ടികൾ മാത്രമാണുള്ളത്. കഴിഞ്ഞ വർഷം 21.81 ലക്ഷം കുട്ടികളുണ്ടായിരുന്ന എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം 21.27 ലക്ഷം കുട്ടികളാണുള്ളത്. വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ കണക്കനുസരിച്ച് ഈ വർഷം ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ 3400 ഡിവിഷനുകൾ
ഇല്ലാതാവും. സർക്കാർ പ്രൈമറി സ്കൂളുകളിൽമാത്രം 715 തസ്തികകൾ നഷ്ടപ്പെടും.
ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകരെ പ്രത്യേകം നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചുള്ള ഡിവിഷൻ നിർണയം പുരോഗമിക്കുകയാണ്. അതിനാൽ അന്തിമ റിപ്പോർട്ടിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തിലും അധ്യാപക തസ്തികകളിലും ഏറ്റക്കുറച്ചിലുകൾ വന്നേക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു