തേഞ്ഞിപ്പലം:മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള നാളെ (ഒക്ടോ. 21) മുതൽ 23 വരെ കാലിക്കറ്റ് സർവ്വകലാശാല സ്റ്റേഡിയത്തിൽ നടക്കും. 17 ഉപജില്ലകളിൽ നിന്നായി 5000ത്തോളം കായിക താരങ്ങളാണ് മേളയിൽ മാറ്റുരക്കുന്നത്. ജൂനിയർ തലം മുതൽ സീനിയർ തലം വരെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വിവിധ ഇനങ്ങളിൽ മത്സരം ഉണ്ടാകും.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ജില്ല ഇക്കുറി ഒന്നാം സ്ഥാനം നേടാനുള്ള തയ്യാറെടുപ്പിലാണ്. 21ന് രാവിലെ 9 മണിക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രമേഷ് കുമാർ കെ പി പതാക ഉയർത്തും. മേളയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ ഉപ ഡയറക്ടർ നിർവഹിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി വി പി സക്കീർ ഹുസൈൻ അത്‌ലറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ