കോഴിക്കോട് അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് ബുധനാഴ്ച ജില്ലയിൽ രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു.
കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പിന്നീട് രാമനാട്ടുകര ഗണപത് എയുപി സ്കൂളിലുമാണ് കപ്പ് പ്രദർശിപ്പിച്ചത്.
മോഡൽ സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ഗവാസ്,
പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ് കുമാർ, ആർഡിഡി കെ സന്തോഷ് കുമാർ,
കോഴിക്കോട് സിറ്റി എഇഒ കെ വി മൃദുല, ചേവായൂർ എഇഒ ശ്യാംജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. കോഴിക്കോട്ടെ സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദത്തോടെയും ആവേശത്തോടെയും സ്വർണക്കപ്പിനെ യാത്രയാക്കി.
ചൊവ്വാഴ്ച വൈകീട്ടാണ് വയനാട്ടിൽനിന്ന് സ്വർണക്കപ്പ് പര്യടനം ജില്ലയിൽ പ്രവേശിച്ചത്.
ജില്ലയിലെ ആദ്യ സ്വീകരണം ഈങ്ങാപ്പുഴ പുതുപ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു.
കാസർകോട് നിന്നാണ് സ്വർണക്കപ്പ് യാത്ര ആരംഭിച്ചത്. കപ്പ് ജനുവരി നാലിന് രാവിലെ തിരുവനന്തപുരത്തെത്തും. സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ നടക്കും.