തിരുവനന്തപുരം : മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല്‍ നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എന്‍.പി.ഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും.
ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ഓണക്കിറ്റുകള്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സെപ്റ്റംബര്‍ 9 മുതല്‍ വിതരണം തുടങ്ങും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് സെപ്റ്റംബര്‍ 10 മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും.
സംസ്ഥാനത്തെ എല്ലാ എന്‍.പി.എസ് (നീല), എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും 10 കിലോ അരി 10.90 രൂപ നിരക്കില്‍ സ്‌പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബര്‍ മാസത്തെ റേഷനോടൊപ്പമാണ് മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ അരി ലഭ്യമാകുന്നത്. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാര്‍ഡുകാര്‍ക്കും 29.76 ലക്ഷം വെള്ള കാര്‍ഡുകാര്‍ക്കും ഉള്‍പ്പെടെ ആകെ 52.38 ലക്ഷം കാര്‍ഡുടമകള്‍ക്ക് പ്രയോജനം ലഭിക്കും.
സപ്ലൈകോ മുഖേന നിലവില്‍ നല്‍കി വരുന്ന അരി ഓണത്തോടനുബന്ധിച്ച് 10 കിലോ ആയി വര്‍ധിപ്പിക്കും. മഞ്ഞക്കാര്‍ഡുടമകള്‍ക്ക് നല്‍കി വന്നിരുന്ന ഒരു കിലോ പഞ്ചസാര വിതരണം പുനരാരംഭിക്കും.
ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ 5 മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് / നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണം ഫെയറുകളിലൂടെ ലഭിക്കും.









