കോഴിക്കോട് : വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയിൽ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി. ആദ്യ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് ജില്ലയിൽ ബിൽ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആയിരത്തിലേറെ പേരാണ് എത്തിയത്. വിവിധ ചാർജുകൾക്ക് പുറമേ ‘സമ്മർചാർജ്’ കൂടി ഈടാക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനം ഒഴുകിയെത്തിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ജനത്തിരക്ക് മൂലം റെഗുലേറ്ററി കമ്മീഷന് നിശ്ചയിച്ച വേദി പോലും മാറ്റേണ്ടി വന്നതായാണ് റിപ്പോർട്ട്.
കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലിടത്തായാണ് റെഗുലേറ്ററി കമ്മീഷൻ കമ്മീഷൻ ജനങ്ങളുടെ അഭിപ്രായം തേടാൻ നിശ്ചയിച്ചിരുന്നത്. ഇതിൽ ആദ്യത്തേതാണ് ചൊവ്വാഴ്ച കോഴിക്കോട് നടന്നത്. ഇന്ധന സർചാർജിന് പുറമേ, ‘സമ്മർ ചാർജ്’ കൂടി ജനങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കാനുള്ള നടപടിയുടെ ഭാഗമായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു. ജനങ്ങൾക്ക് ഇരുട്ടടിയായി മാറാവുന്ന ഈ നീക്കത്തിന് മുന്നോടിയായായാണ് റെഗുലേറ്ററി കമ്മീഷൻ ജനങ്ങളെ കാണാൻ തീരുമാനിച്ചത്.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു റെഗുലേറ്ററി കമ്മീഷൻ പരിപാടി നിശ്ചയിച്ചത്. ഏകദേശം 50 പേരെ മാത്രം പ്രതീക്ഷിച്ച് തുടങ്ങിയ പരിപാടിയിലേക്ക് പക്ഷെ ജനം ഒഴുകുകയായിരുന്നു. 1500 ലേറെ എത്തിയതോടെ വേദി മാറ്റിയാണ് റെഗുലേറ്ററി കമ്മീഷൻ ജനങ്ങളുടെ ആവലാതി കേട്ടത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായി ഉയരുന്നതോടെ കെഎസ്ഇബിയും സർക്കാരും ചാർജ്ജ് വർധനയിൽ നിന്ന് പുറകോട്ട് പോകുമോ എന്നാണ് ഇനി അറിയേണ്ടത്. വിവിധ ഉപഭോക്തൃ സംഘടനകളും അഡ്വ. വിനോദ് മാത്യു വിൽസണെ പോലെയുള്ള വ്ലോഗർമാരും ജനം പ്രതിഷേധിക്കണമെന്ന തരത്തിൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ജനം കൂടുതലായി എത്തിയത്. സോഷ്യൽ മീഡിയയ്ക്ക് പുറമേയ്ക്ക് പ്രതിഷേധം എത്തുന്നതോടെ കെഎസ്ഇബി വെട്ടിലാവാനാണ് സാധ്യത.
അതേസമയം, അടുത്ത തെളിവെടുപ്പുകൾ മൂന്ന് ദിവസങ്ങളിലായി നടക്കും. ഇന്ന്, ബുധനാഴ്ച, പാലക്കാട് തെളിവെടുപ്പ് നടക്കുന്നുണ്ട്. പാലക്കാട് ജില്ല പഞ്ചായത്ത് ഹാളിലാണ് റെഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് നടക്കുന്നത്. നാളെ, വ്യാഴാഴ്ച എറണാകുളം കോർപറേഷൻ ടൗൺ ഹാളിലും 11ന് തിരുവനന്തപുരത്തും തെളിവെടുപ്പ് നടക്കും. തിരുവനന്തപുരം പി.എം.ജിയിലെ പ്രിയദർശിനി പ്ലാനറ്റേറിയം കോൺഫറൻസ് ഹാളിലാണ് കമ്മീഷൻ ജനങ്ങളെ കാണുക.