മലപ്പുറം ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സമഗ്ര പദ്ധതികളുമായി കെ.എസ്.ഇ.ബി

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ വേനല്‍ക്കാലത്തുണ്ടായ വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിയ്ക്കും പരിഹാരമായി വിവിധ പദ്ധതികള്‍ ആരംഭിച്ചതായി കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കുന്നുംപുറം, വെന്നിയൂര്‍, ഇന്‍കല്‍ (ഊരകം) എന്നീ സബ്‌സ്റ്റേഷനുകളുടെ നിര്‍മ്മാണവും, വെങ്ങാലൂരില്‍ താല്‍ക്കാലികമായി ഒരു ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി നല്‍കുന്നതിനുള്ള പ്രവൃത്തികളും ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. കൂരിയാട്, പരപ്പനങ്ങാടി, തിരൂര്‍, എടരിക്കോട്, മാലാപറമ്പ്, എടപ്പാള്‍, പൊന്നാനി, മേലാറ്റൂര്‍ എന്നീ സബ്‌സ്റ്റേഷനുകളിലെ ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളും ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇതോടെ ജില്ലയില്‍ നിലവിലുള്ള വോള്‍ട്ടേജ് ക്ഷാമത്തിനും, വൈദ്യുതി പ്രതിസന്ധിയ്ക്കും പരിഹാരമാകും. തിരുവാലി, കാടാമ്പുഴ, മലപ്പുറം ജി.ഐ.എസ് എന്നീ സബ്‌സ്റ്റേഷനുകളുടെയും അവയുടെ അനുബന്ധ പ്രസരണ ലൈനുകളുടെയും നിര്‍മ്മാണം 2025 മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. 110 കെ.വി സബ്‌സ്റ്റേഷനുകളായ പുളിക്കല്‍, വേങ്ങര, വെന്നിയൂര്‍, എന്നിവയ്ക്കും 33-കെ.വി സബ്‌സ്റ്റേഷനുകളായ ചങ്ങരംകുളം, കൊണ്ടോട്ടി എന്നിവയ്ക്കും കെ.എസ്.ഇ.ആര്‍.സി യുടെ അംഗീകാരം ലഭിച്ച് സ്ഥലമേറ്റടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

2027-2032 കാലത്തേയ്ക്കുള്ള 521 കോടി രൂപയുടെ ഹ്രസ്വ, മദ്ധ്യ, ദീര്‍ഘകാല പദ്ധതികളാണ് പ്രസരണ വിഭാഗത്തില്‍ മലപ്പുറം പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പദ്ധതികള്‍ക്കായുള്ള ഭരണ -സാങ്കേതികാനുമതികള്‍, സ്ഥലമേറ്റെടുപ്പ്, ലൈന്‍ റൂട്ട് അപ്രൂവല്‍, വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കല്‍, ടെന്‍ഡറുകള്‍ എന്നിവ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മലപ്പുറം പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവിധ പ്രവൃത്തികള്‍ മുന്‍ഗണനാക്രമത്തില്‍ ഏറ്റെടുത്ത്, 2032 ഓടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *