അടുത്ത വേനലിനു മുമ്പ് ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി- മന്ത്രി വി. അബ്ദുറഹിമാന്‍.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
📌അഞ്ച് സബ് സ്റ്റേഷനുകള്‍ അടുത്ത മെയ് മാസത്തിനകം
📌ഏഴ് സബ് സ്‌റ്റേഷനുകളിലെ ട്രാന്‍സ്‌ഫോര്‍മര്‍ ശേഷി ജനുവരിയോടെ കൂട്ടും
മലപ്പുറം:വേനല്‍ക്കാലത്തെ ജില്ലയിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടുത്ത വേനലിനു മുമ്പ് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കായിക- ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖ്ഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വേനലില്‍ സംഭവിച്ചതു പോലുള്ള വൈദ്യുതി വിതരണത്തിലെ പോരായ്മകള്‍ ഇല്ലാതാക്കാന്‍ സമയബന്ധിതമായ നടപടികള്‍ വേണമെന്ന് ജില്ലയിലെ വൈദ്യുതി വിതരണ- പ്രസരണ പദ്ധതികളുമായ അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത മന്ത്രി നിര്‍ദ്ദേശം നല്‍കി. അടുത്ത വേനലില്‍ ജില്ലയിലെ വിതരണ ശൃംഖല ഓഫാക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.
ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുള്ള മലപ്പുറം പാക്കേജ് ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. നിര്‍മ്മാണം പുരോഗമിക്കുന്ന വെന്നിയൂര്‍, കുന്നുംപുറം, ഊരകം- ഇന്‍കെല്‍ 33 കെ.വി സബ് സ്റ്റേഷനുകള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും. കാടാമ്പുഴ, തിരുവാലി 110 കെ.വി സബ് സ്റ്റേഷനുകള്‍ അടുത്ത വര്‍ഷം മെയില്‍ കമ്മീഷന്‍ ചെയ്യും.
വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. മലപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, എടരിക്കോട്, എടപ്പാള്‍, കൂരിയാട്, മേലാറ്റൂര്‍ സബ് സ്റ്റേഷനുകളിലെ ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി അടുത്ത ജനുവരി മാസത്തിനകം വര്‍ധിപ്പിക്കും. പ്രസരണ മേഖലയില്‍ 41 കോടിയുടെ 12 പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. ഇവ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കും. വിതരണ വിഭാഗത്തില്‍ 100 കോടിയുടെ പ്രവൃത്തികളാണ് നടക്കുന്നത്. 20 കോടിയുടെ പ്രവൃത്തികള്‍ അടുത്ത വര്‍ഷം മാര്‍ച്ചിനകവും 80 കോടിയുടെ പ്രവൃത്തികള്‍ ജൂലൈ മാസത്തിനകവും തീര്‍ക്കും. ആർ.ഡി.എസ്.എസ് പദ്ധതിയിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം വൈദ്യുതി ബോർഡ് വിഹിതവും ചെലവഴിച്ചാണ് ഈ പ്രകൃത്തികൾ.
മലപ്പുറം പാക്കേജില്‍ വിതരണ രംഗത്ത് 287 കോടിയുടെ പ്രവൃത്തികള്‍ വിഭാവനം ചെയ്യുന്നതില്‍ 104 കോടി ഈ വര്‍ഷം ബാക്കി രണ്ടു വര്‍ഷങ്ങള്‍ക്കകവും പൂര്‍ത്തീകരിക്കും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ മാരായ പി. ഉബൈദുള്ള, പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹീം എന്നിവരും എം.എല്‍.എ മാരായ പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു. കെ.എസ്.ഇ.ബി. ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ സജി പൗലോസ്, ചീഫ് എഞ്ചിനീയര്‍മാരായ എസ്. ശിവദാസ് (ട്രാന്‍സ്മിഷന്‍- നോർത്ത്), രജിനി കെ.എസ് (ഡിസ്ട്രിബ്യൂഷന്‍- നോര്‍ത്ത്), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരായ ടി.പി ഹൈദരലി (ട്രാന്‍സ്മിഷന്‍, മലപ്പുറം), സുനിത ജോസ് (തിരൂര്‍ സര്‍ക്കിള്‍), ജയശ്രീ (മഞ്ചേരി സര്‍ക്കിള്‍), എ.ഡി.എം എന്‍.എം മെഹറലി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ