മലപ്പുറം : അന്ത്യോദയ (എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ് ജില്ലയിൽ ഇനിയും പൂർത്തിയാക്കാനുള്ളത് 4,28,937 പേർ. ജില്ലയിൽ ബുധനാഴ്ച വൈകിട്ട് നാലോടെ 79.16 ശതമാനം പേർ മസ്‌റ്ററിങ് നടത്തി. 77.85 ശതമാനം പേരുടെ മസ്‌റ്ററിങ്ങാണു സർക്കാർ ആദ്യം സമയപരിധി നിശ്ചയിച്ച 8ന് രാത്രി വരെ പൂർത്തിയായത്.78.27 ശതമാനം മാത്രം മസ്റ്ററിങ് നടന്ന കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ. അതിനു തൊട്ടടുത്തു നിൽക്കുന്നത് മലപ്പുറം ജില്ലയാണ്. ജില്ലയിൽ 7 താലൂക്ക് സപ്ലൈ ഓഫിസുകൾക്കു കീഴിൽ ആകെയുള്ള 20,58,344 റേഷൻ ഗുണഭോക്താക്കളിൽ 16,29,513 പേരാണു മസ്‌റ്ററിങ് നടത്തിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മുൻഗണനാ വിഭാഗത്തിൽ 18,51,520 പേരിൽ 14,62,455 പേരും അന്ത്യോദയ വിഭാഗത്തിൽ 2,06,824 പേരിൽ 1,67,058 പേരുമാണു മസ്‌റ്ററിങ് നടത്തിയത്. 81.76 ശതമാനം പേർ മസ്‌റ്ററിങ് നടത്തിയ നിലമ്പൂർ ആണു മുന്നിൽ. 75.97 ശതമാനം പേർ മസ്‌റ്ററിങ് നടത്തിയ പൊന്നാനിയാണു പിന്നിൽ നിൽക്കുന്നത്. മസ്റ്ററിങ് അവസാനിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ച 8ന് റേഷൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല കടകളും രാത്രി വൈകുവോളം പ്രവർത്തിച്ചു. എന്നാൽ സമയപരിധി നീട്ടിയതോടെ ബുധനാഴ്ച ഏറെ കടകളിലും നാമമാത്രമായ ആളുകളാണ് മസ്‌റ്ററിങ്ങിനെത്തിയത്.
നിലമ്പൂർ– 2,62,730 (80.93 ശതമാനം), ഏറനാട്– 2,37,851 (81.44 ശതമാനം), കൊണ്ടോട്ടി– 1,57,484 (80.93 ശതമാനം), പെരിന്തൽമണ്ണ– 2,10,624 (79.88 ശതമാനം), തിരൂരങ്ങാടി– 2,18,650 (78.13 ശതമാനം), തിരൂർ– 3,79,145 (77.01 ശതമാനം), പൊന്നാനി– 1,66,029 (75.97 ശതമാനം) എന്നിങ്ങനെയാണ് മസ്‌റ്ററിങ് പൂർത്തിയാക്കിയത്. ജില്ലയിൽ ഒരു റേഷൻ കടയിലും 100 ശതമാനം മസ്‌റ്ററിങ് ഇനിയും പൂർത്തിയാക്കാനായിട്ടില്ല. അതേസമയം, ആധാർ പുതുക്കാത്ത ഒട്ടേറെപ്പേരുടെ മസ്‌റ്ററിങ് മിക്ക റേഷൻ കടകളിലും നടത്താനായിട്ടില്ല. ചെറിയ കുട്ടികളും മുതിർന്നവരുമാണ് ഈ വിഭാഗത്തിൽ കൂടുതൽ.
കടകളിലെത്തി ഏറെ ശ്രമിച്ച ശേഷം മസ്‌റ്ററിങ് നടത്താനാവാതെ മടങ്ങുന്ന സാഹചര്യമാണ്. ഇ–പോസ് മെഷീനുകളിൽ ഇവരുടെ കൈവിരൽ പതിച്ചാലും വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ വിവരങ്ങൾ തെളിയുന്നില്ല. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ചു മസ്‌റ്ററിങ് പൂർത്തിയാക്കാനാവും. എന്നാൽ നിലവിൽ റേഷൻ കടകളിൽ ഐറിസ് സ്‌കാനറില്ല. ഇതിനായി അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരും.
മസ്‌റ്ററിങ് പ്രതിസന്ധിയിലായ പലരും അക്ഷയ കേന്ദ്രങ്ങളിൽ ആധാർ പുതുക്കാനെത്തിയതോടെ കഴിഞ്ഞ 3 ദിവസങ്ങളിലായി ഇവിടെയും വലിയ തിരക്കുണ്ട്. ഇതുമൂലം ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുകയാണ് പലതും.ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിൽ റേഷൻ കടകളിലെ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയ ആളുകൾ നിലവിൽ മസ്‌റ്ററിങ് ചെയ്യേണ്ടതില്ല. എന്നാൽ അവരുടെ കാർഡുകളിലെ മറ്റംഗങ്ങൾ മസ്‌റ്ററിങ് നടത്തണം.
ഇക്കാര്യത്തിലെ അജ്ഞത മൂലം മസ്‌റ്ററിങ് നടത്താത്തവരുമുണ്ട്. 5 വയസ്സിനു മുകളിലുള്ള എല്ലാ അംഗങ്ങളും നിർബന്ധമായും മസ്‌റ്ററിങ് നടത്തണം. കിടപ്പു രോഗികൾ, റേഷൻ കടയിൽ നേരിട്ടു പോകാൻ സാധിക്കാത്ത തരത്തിൽ ശാരീരിക പ്രശ്‌നങ്ങളുള്ളവർ എന്നിവരുടെ മസ്‌റ്ററിങ് അവരുടെ വീടുകളിലെത്തി ചെയ്യുന്നുണ്ട്. ഇതും മിക്ക റേഷൻ കടകളിലും ഇനിയും ഏറെപ്പേരുടെ പൂർത്തിയാക്കാനുണ്ട്. മസ്‌റ്ററിങ് നടത്താനുള്ള തീയതി സർക്കാർ 25 വരെ ദീർഘിപ്പിച്ചത് ആശ്വാസമായിട്ടുണ്ട്.