ഡ്രൈവിംഗ് ഗ്രൗണ്ടില്‍ മാറ്റങ്ങളുമായി ഗതാഗത വകുപ്പ്; ഇനി മുതല്‍ കയറ്റവും, ഇറക്കവും റിവേഴ്സ് പാര്‍ക്കിംഗും, എല്ലാം ഗ്രൗണ്ടില്‍ ഉണ്ടാകും

ഡ്രൈവിംഗ് ഗ്രൗണ്ടില്‍ മാറ്റങ്ങളുമായി ഗതാഗത വകുപ്പ് മുന്നോട്ട്. ആധുനിക സൗകര്യങ്ങളും, ക്രമീകരണങ്ങളുമായി സ്വകാര്യ മേഖലയില്‍ ഡ്രൈവിംഗ് ഗ്രൗണ്ടുകള്‍ തുടങ്ങാൻ അനുമതി നല്‍കി ഉത്തരവിറക്കി.

12 പേർക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഗ്രൗണ്ടുകള്‍ ഒരുക്കണം. തുടർന്ന് RTO മാരുടെ നേതൃത്വത്തില്‍ ഗ്രൗണ്ട് പരിശോധിക്കും. മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് പരിശോധനയില്‍ ഉറപ്പാക്കിയ ശേഷമാകും അന്തിമ അനുമതി.

ദിവസേനയുള്ള ടെസ്റ്റുകളുടെ എണ്ണം കുറച്ചും, കാലഹരണപ്പെട്ട വാഹനങ്ങള്‍ ഒഴിവാക്കിയുമെല്ലാം ആദ്യ ഘട്ട പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി . ഇനി രണ്ടാം ഘട്ടമാണ്. ആധുനിക സൗകര്യങ്ങള്‍ ഉള്ള വലിയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളാകും ഉണ്ടാകുക. കയറ്റവും, ഇറക്കവും റിവേഴ്സ് പാർക്കിംഗും, എല്ലാം ഉള്‍പ്പെടുത്തിയാകും പരിഷ്കരിച്ച ഗ്രൗണ്ടുകള്‍. ഇതിനായി സ്വകാര്യ മേഖലയ്ക്കും ടെസ്റ്റിംഗ് ഗ്രൗണ്ടുകള്‍ തുടങ്ങാൻ അനുവദിച്ച്‌ ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി.

നിലവില്‍ അനുമതി ലഭിച്ചവർ എല്ലാം സ്വകാര്യ ഡ്രൈവിംഗ് സ്കൂള്‍ കൂട്ടായ്മകളാണ്. മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച്‌ ഗ്രൗണ്ട് ഒരുക്കാൻ കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലമെങ്കിലും വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *