കൊച്ചി : ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കള്ള ടാക്‌സി ഉപയോഗം വീണ്ടും ചര്‍ച്ചയാവുകയാണ്. വാടകയ്ക്ക് നല്‍കിയ സ്വകാര്യ കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിലും ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ബന്ധുവിന്റെയോ അടുത്ത സുഹൃത്തിന്റെയോ സ്വകാര്യവാഹനം കൈമാറി ഉപയോഗിക്കാമോ? അത് നിയമവിരുദ്ധമാണോ? ഇതേക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചകിലം ‘മാതൃഭൂമി’ പ്രതിനിധി ബി. അജിത് രാജുമായി സംസാരിക്കുന്നു
സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ
അത്യാവശ്യഘട്ടങ്ങളില്‍ കാറുകള്‍ കൈമാറി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എട്ടോ അതിലധികമോ സീറ്റുകളുള്ള വാഹനങ്ങള്‍ ഇങ്ങനെ കൈമാറരുത്. അതേസമയം, ചെറുകാറുകളാണെങ്കിലും സ്ഥിരമായി സ്വകാര്യവാഹനങ്ങള്‍ കൈമാറി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അത്യാവശ്യ സാഹചര്യം ഏപ്പോഴും ഉണ്ടാകില്ലല്ലോ? സ്വകാര്യവാഹനം ഉടമയുടെയും അയാളുടെ ബന്ധുക്കളുടെയും ആവശ്യത്തിന് ഉപയോഗിക്കാന്‍വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ദുരുപയോഗം നിയമവിരുദ്ധമാണ്. പ്രതിഫലത്തിനായി കൈമാറുന്നത് കുറ്റകരമാണ്.
ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകുമോ
അപകടം ഉണ്ടാകുമ്പോള്‍ ഉടമ വാഹനത്തിലില്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരത്തെ എതിര്‍ക്കാനിടയുണ്ട്. ഉടമയുടെ ആവശ്യത്തിനു വേണ്ടിയായിരുന്നു യാത്ര എന്ന് തെളിയിക്കേണ്ടിവരും. സ്വകാര്യവാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് ഇന്‍ഷുറന്‍സ് കമ്പനി ഇത്തരം മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
സ്വകാര്യവാഹനങ്ങള്‍ കള്ള ടാക്‌സിയാക്കിയാല്‍ പെര്‍മിറ്റ് നഷ്ടമാകുമോ
സ്വകാര്യവാഹനങ്ങള്‍ പ്രതിഫലം വാങ്ങി മറ്റൊരാളുടെ ഉപയോഗത്തിന് വിട്ടുകൊടുക്കുന്നത് പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. ഇത്തരം ക്രമക്കേടുകള്‍ വേഗം കണ്ടെത്താനാകും. 6000 രൂപയാണ് പിഴ. പെര്‍മിറ്റ്, ഫിറ്റ്നസ് ലംഘനങ്ങള്‍ക്കാണ് കേസെടുക്കുക. ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിക്കും. ആറുമാസത്തേക്ക് രജിസ്ട്രേഷന്‍ റദ്ദാക്കും. ഈ കാലയളവില്‍ വാഹനം നിരത്തിലിറക്കിയാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കി കണ്ടുകെട്ടും.
പരിശോധന സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമോ
കള്ള ടാക്‌സി തടയാനുള്ള പരിശോധന സാധാരണക്കാരെ ലക്ഷ്യമിട്ടല്ല. സ്വകാര്യവാഹനങ്ങള്‍ നിയമവിരുദ്ധമായി വാടകയ്ക്ക് കൊടുക്കുന്ന ചില വ്യക്തികളുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ വാഹനം കൈമാറുന്നതിനെ മോട്ടോര്‍വാഹനവകുപ്പ് തടയില്ല. പിഴ ചുമത്തില്ല. അതില്‍ ആശങ്കവേണ്ട.
റെന്റ് എ കാര്‍ ബിസിനസിന്റെ നിയമസാധുത എത്രത്തോളമാണ്
സംസ്ഥാനത്ത് ‘റെന്റ് എ കാര്‍’ ബിസിനസ് നിയമവിധേയമാണ്. ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. വാഹനങ്ങള്‍ വേണമെങ്കില്‍ അവിടെനിന്നും വാടകയ്ക്ക് എടുക്കാവുന്നതാണ്.
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമെടുക്കുന്ന വാഹനങ്ങളിലെ യാത്രയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. ടാക്‌സി വാഹനങ്ങള്‍പോലെ ഇവ നിയമവിധേയമായി ഉപയോഗിക്കാം. കറുത്ത പ്രതലത്തില്‍ മഞ്ഞ നിറത്തിലുള്ള നമ്പര്‍ബോര്‍ഡാണ് അംഗീകൃത വാടക വാഹനങ്ങള്‍ക്കുള്ളത്.