കുവൈറ്റ് സിറ്റി : ചെറിയ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനം പോലുള്ള ബദല്‍ നടപടിക്രമങ്ങളും പിഴകളും ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കുവൈറ്റ്. ഇതു സംബന്ധിച്ച് പുതിയ നിയമത്തിന് രൂപം നല്‍കുമെന്ന് നീതിന്യായ മന്ത്രിയും ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രിയുമായ മുഹമ്മദ് അല്‍ വാസ്മി അറിയിച്ചു. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ട്രാഫിക് ലംഘനങ്ങള്‍, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനങ്ങള്‍, പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് നിയമത്തിന്റെ ലംഘനം തുടങ്ങി രണ്ട് മാസത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കുന്ന ചില കുറ്റകൃത്യങ്ങള്‍ക്കാണ് തടവിന് പകരം ബദല്‍ ശിക്ഷാ രീതികള്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. കുറ്റവാളികളെ സമൂഹനന്മയ്ക്കായി ഉപയോഗിക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇത് നല്ല വ്യക്തികളായി മാറാന്‍ നിയമ ലംഘകര്‍ക്ക് പ്രചോദനമാവും. സമൂഹത്തില്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടാനുള്ള സാധ്യത കുറയുന്നതോടൊപ്പം അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താനും ഇത് ഉപകരിക്കും.
അതേസമയം, രാജ്യത്തെ ജുഡീഷ്യറിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും കോടതി വിധികള്‍ വേഗത്തില്‍ പുറപ്പെടുവിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനുമായി പബ്ലിക് പ്രോസിക്യൂഷന് കൂടുതല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിടുന്നതായും മന്ത്രി അല്‍ വാസ്മി വെളിപ്പെടുത്തി. കോടതി നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിലും കോടതി കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കുന്നതലും സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. ചില വിഭാഗം കേസുകളില്‍ ഓണ്‍ലൈന്‍ വിചാരണ ഉള്‍പ്പെടെയുള്ള നിരവധി പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി അല്‍ വാസ്മി സ്ഥിരീകരിച്ചു. ഇത് ആദ്യം ചില കോടതികളില്‍ നടപ്പാക്കുമെന്നും അത് വിജയകരമാണെന്ന് തെളിയിക്കപ്പെട്ടാല്‍,ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ബാക്കിയുള്ള കോടതികളിലും ഇത് ബാധകമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിനിടെ, പരിസ്ഥിതി സൗഹൃദ പള്ളികള്‍ നിര്‍മ്മിക്കാന്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്ന് അല്‍ വാസ്മി പറഞ്ഞു. പ്രത്യേകിച്ച് പുതിയ പാര്‍പ്പിട പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന പള്ളികള്‍ പരിസ്ഥിതി സൗഹൃദമായ രീതിയിലായിരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കിയ അദ്ദേഹം, അതിനായി മികച്ച മാതൃക തയ്യാറാക്കാന്‍ നിര്‍മ്മാണത്തിലും രൂപകല്പനയിലും വൈധഗ്ദ്യമുള്ളവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി.