യുഎഇ പൊതുമാപ്പ്: ഇന്ത്യന്‍ പ്രവാസികള്‍ക്ക് സഹായ വാഗ്ദാനവുമായി അബുദാബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റും

ദുബായ് : സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന രണ്ട് മാസത്തെ യുഎഇ വിസ പൊതുമാപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് എല്ലാവിധ സൗകര്യങ്ങള്‍ ഒരുക്കി നയതന്ത്ര സംഘവും. ഗ്രേസ് പിരീഡില്‍, സാധുവായ വിസ ഇല്ലാതെ ജീവിക്കുന്ന ആളുകള്‍ക്ക് ഒന്നുകില്‍ പുതിയ വിസകള്‍ ഉറപ്പാക്കി അവരുടെ നിയമപരമായ നില ശരിയാക്കാം അല്ലെങ്കില്‍ പിഴയില്ലാതെ രാജ്യം വിടാം. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനാണ് വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

തങ്ങളുടെ രാജ്യത്ത് നിന്ന് അനധികൃതമായി ഇവിടെ താമസിക്കുന്ന ഏതൊരു പ്രവാസിയും അവസരം പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ ആരംഭിച്ചതായി രാജ്യത്തെ വിവിധ എംബസികളും കോണ്‍സുലേറ്റുകളും അറിയിച്ചു. ഇത്തരം പ്രവാസികള്‍ക്ക് നല്ലൊരു ഭാവി പ്രതീക്ഷ നല്‍കുന്ന യുഎഇ അധികൃതരുടെ നീക്കത്തെ മിഷനുകള്‍ സ്വാഗതം ചെയ്തു. പൊതുമാപ്പ് അപേക്ഷകരെ സഹായിക്കാന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

അബുദാബി എമിറേറ്റില്‍ താമസിക്കുന്ന ആളുകള്‍ക്ക് പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വിവിധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. യാത്രാ രേഖകള്‍ക്കായി അപേക്ഷകര്‍ക്ക് അല്‍ റീം, മുസഫ, അല്‍-ഐന്‍ എന്നിവിടങ്ങളിലെ ഏതെങ്കിലും ബിഎല്‍എസ് കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാമെന്ന് മിഷന്‍ അറിയിച്ചു. ഇതിന് മുന്‍കൂര്‍ അപ്പോയിന്‍റ്മെന്‍റ് എടുക്കേണ്ട ആവശ്യമില്ല.

ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അപേക്ഷകരില്‍ സാധുവായ പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇസി) നല്‍കും. ഒറ്റത്തവണ യാത്രയ്ക്ക് പാസ്പോര്‍ട്ടായി ഉപയോഗിക്കാവുന്ന ഒരു താല്‍ക്കാലിക യാത്രാ രേഖയാണിത്. അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനുള്ളില്‍ അബുദാബി ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലര്‍ ഓഫീസില്‍ നിന്ന് ഇസികള്‍ ശേഖരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. വൈകിട്ട് നാലു മണി മുതല്‍ ആറു മണിവരെയായിരിക്കും ഔട്ട്പാസ് എന്ന പേരില്‍ അറിയപ്പെടുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക.

ആംനസ്റ്റി പദ്ധതിയുടെ പ്രയോജനം നേടാന്‍ ആഗ്രഹിക്കുന്ന അപേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അല്‍ റീം, മുസഫ, അല്‍-ഐന്‍ എന്നിവിടങ്ങളിലെ ബിഎല്‍എസ് കേന്ദ്രങ്ങള്‍ പൊതുമാപ്പ് കാലയളവില്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. യാത്രാ രേഖ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ക്ക്, അപേക്ഷകന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറു മണി വരെയുള്ള സമയത്തിനിടയില്‍ 050-8995583 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും എംബസി കൂട്ടിച്ചേര്‍ത്തു.

പൊതുമാപ്പ് ആവശ്യമുള്ള വ്യക്തികളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ യുഎഇയിലുടനീളമുള്ള വിവിധ പ്രവാസി സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് സൗകര്യമൊരുക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ദുബായിലെ കോണ്‍സുലേറ്റ് ജനറലിന്‍റെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

എല്ലാ എമിറേറ്റുകളിലെയും ഇന്ത്യന്‍ അസോസിയേഷന്‍ പങ്കാളികള്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പൊതുമാപ്പ് ബോധവല്‍ക്കരണം നടത്തിവരുന്നുണ്ടെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. പൊതുമാപ്പ് ലഭിക്കുന്നതിനും രാജ്യം വിടുന്നതിനും അവരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റേഷനുകള്‍ സുഗമമാക്കുന്നതിന് എല്ലാ വിധ പിന്തുണയും കോണ്‍സുലേറ്റിന്‍റെ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍സുലേറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകള്‍ അപേക്ഷകള്‍ ശേഖരിച്ച് നേരിട്ട് മിഷനിലേക്ക് അയയ്ക്കുമെന്നും അപേക്ഷകര്‍ ഇന്ത്യന്‍ ഇസി ലഭിക്കുന്നതിന് ഔട്ട്സോഴ്സ് ചെയ്ത സേവന ദാതാവായ ബിഎല്‍എസ് ഇന്‍റര്‍നാഷണലിനെ സമീപിക്കേണ്ടതില്ലെന്നും കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *