സൗദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകളുടെ ശോഭയിൽ റിയാദ് നഗരം

റിയാദ് : സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് മേഖലയിലെ മുനിസിപ്പാലിറ്റി നഗരത്തിലുടനീളം സ്ഥാപിച്ചത് 8,000 ദേശീയ പതാകകള്‍. സൗദിയുടെ അഭിമാനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പ്രതീകമായി കൊടിമരങ്ങള്‍, തൂണുകള്‍, പാലങ്ങള്‍, കവലകള്‍, പ്രധാന ആഘോഷ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മികച്ച രീതിയിലാണ് പതാകകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

2,308 പതാകകള്‍ കൊടിമരങ്ങളിലും 3,334 പതാകകള്‍ ചത്വരങ്ങളിലും പാലങ്ങളിലും കവലകളിലുമാണ് 6 മീറ്റര്‍ നീളമുള്ള ഹോള്‍ഡറുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു. കൂടാതെ, പാര്‍ക്കുകളിലും സ്‌ക്വയറുകളിലും 1,332 പതാകകള്‍ സ്ഥാപിച്ചിട്ടുണ്ട്. 536 പതാകകള്‍ 3 മീറ്റര്‍ മെക്കാനിക്കല്‍ ഹോള്‍ഡറുകള്‍ ഉപയോഗിച്ച് ലൈറ്റ് തൂണുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബർ 23ന് മുൻപ് എല്ലാ പതാകകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള വിശദമായ ടൈംടേബിള്‍ അടക്കമുള്ള സമഗ്ര പദ്ധതി മുനിസിപ്പാലിറ്റി തയ്യാറാക്കിയിട്ടുണ്ട്. കൊടികള്‍ തയ്യാറാക്കുന്നതിനും അവ സ്ഥാപിക്കുന്നതിനും ഇന്‍സ്റ്റാളേഷന് ശേഷം അവ പരിപാലിക്കുന്നതിനും പ്രത്യേക ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഒരു എൻജിനീയറിങ്, ടെക്‌നിക്കല്‍ ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

അതിനിടെ, ദേശീയ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍, രാജ്യത്തിന്റെ ദേശീയ പതാകയുടെ ഉപയോഗം സംബന്ധിച്ച കര്‍ശനമായ വിലക്കുകള്‍ സംബന്ധിച്ച് പൗരന്മാര്‍ക്കും ബിസിനസുകാര്‍ക്കും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആഘോഷവേളയില്‍ പതാകയെ ബഹുമാനിക്കുന്നതിന്റെയും നിര്‍ദിഷ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെയും പ്രാധാന്യം അധികൃതര്‍ ഊന്നിപ്പറഞ്ഞു. നിറം മങ്ങിയതോ മോശം അവസ്ഥയിലുള്ളതോ ആയ പതാക പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പഴയതോ പ്രദര്‍ശനത്തിന് യോഗ്യമല്ലാത്തതോ ആയ പതാകകള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം നശിപ്പിക്കണം. അവ ഒരിക്കലും പുനരുപയോഗിക്കപ്പെടുകയോ അനാദരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം.

പതാക ഒരു വ്യാപാരമുദ്രയായോ വാണിജ്യ പരസ്യ ആവശ്യങ്ങള്‍ക്കായോ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. പതാകയ്ക്ക് കേടുപാടുകള്‍ വരുത്തുന്നതോ അതില്‍ അഴുക്ക് അടിഞ്ഞുകൂടുന്നതോ ആയ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പതാക സ്വതന്ത്രമായി പാറിപ്പറക്കാന്‍ പാകത്തില്‍ വേണം സ്ഥാപിക്കാന്‍. പതാക കൊടിമരത്തില്‍ ഭാരമില്ലാതെ നിലകൊള്ളണം. അതിന്റെ കൂടെ മറ്റൊന്നും ബന്ധിപ്പിക്കുകയോ മറ്റോ ചെയ്യരുതെന്നും അധികൃതര്‍ വ്യക്തമാക്കി. മൃഗങ്ങളുടെ ശരീരത്തില്‍ പതാക സ്ഥാപിക്കാനോ ദേശീയ പ്രാധാന്യത്തെ അവഹേളിക്കുന്ന അലങ്കാരവസ്തുവായി ഉപയോഗിക്കാനോ പാടില്ല.

കൂടാതെ, പതാകയില്‍ പദപ്രയോഗങ്ങളോ മുദ്രാവാക്യങ്ങളോ ഡ്രോയിംഗുകളോ ചേര്‍ക്കാന്‍ പാടില്ല. പതാകയുടെ അറ്റങ്ങള്‍ ഒരു തരത്തിലും പിന്‍ ചെയ്യുകയോ മറ്റോ ചെയ്യരുത്. ഡിസ്‌പോസിബിള്‍ മെറ്റീരിയലുകളില്‍ പ്രിന്റ് ചെയ്യുന്നതിനെതിരേയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒരു സാഹചര്യത്തിലും പതാക തലകീഴായി ഉയര്‍ത്താന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് ദേശീയ ചിഹ്നത്തോടുള്ള അവഹേളനമായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ പതാക നിലത്തോ വെള്ളത്തിലോ താഴെയുള്ള ഏതെങ്കിലും പ്രതലത്തിലോ സ്പര്‍ശിക്കുന്ന രീതിയില്‍ താഴ്ത്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *