ന്യൂ ഡൽഹി: കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജജുവിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള അഡ്വൈസറി ബോർഡ് ചെയർമാൻ കൂടിയായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. നിവേദനം നൽകി.
എയർ ഇന്ത്യ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കുന്നത്.ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും മന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ഇ.ടി.ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ച് തീരുമാനത്തിലെത്താൻ കഴിയുമെന്നും വിമാന കമ്പനി അധികൃതർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ