കൊണ്ടോട്ടി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന തീർത്ഥാടകരുടെ യാത്രാച്ചെലവിലെ അധിക നിരക്കില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു.
മേയ് 16ഓടെയാണ് സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്തതിന്റെ പ്രശ്നങ്ങള്‍ മൂലമാണ് കരിപ്പൂർ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം വഴി യാത്ര ചെയ്യുന്നവർക്ക് അമിത നിരക്ക് നല്‍കേണ്ടി വരുന്നത്. സംസ്ഥാനത്തെ മറ്റ് രണ്ട് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളായ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിലൂടെ യാത്ര ചെയ്യുന്നവർക്ക് 39,000 രൂപയോളം ടിക്കറ്റ് നിരക്കില്‍ അധികമായി നല്‍കേണ്ടിവരും. കഴിഞ്ഞ വർഷവും ഇത് തന്നെയായിരുന്നു അവസ്ഥ.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ടിക്കറ്റ് നിരക്ക് പുറത്തു വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസും ഹജ്ജ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിനും വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനും കത്ത് നല്‍കിയെങ്കിലും ഇതുവരെയും അനുകൂലമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.
കൊച്ചിയില്‍ നിന്ന് സൗദി എയർലൈൻസ് യാത്രാനിരക്കായി 86,000 രൂപയാണ് ഈടാക്കുന്നത്. കണ്ണൂരില്‍ നിന്നിത് 87,000 രൂപയാണ്. കരിപ്പൂരില്‍ എയർ ഇന്ത്യ എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്കായി 1.25 ലക്ഷം രൂപയാണ് ടെൻഡറില്‍ നല്‍കിയ നിരക്ക്. കരിപ്പൂരില്‍ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് മാത്രമാണ് ടെൻഡർ നല്‍കിയതെന്നതിനാല്‍ ഈ കമ്ബനിക്കുതന്നെയാകും കരാർ.
യാത്രാ നിരക്കിലെ ടെൻഡർ നടപടികള്‍ പൂർത്തിയാവും മുൻപ് സംസ്ഥാനത്തെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള യാത്രാ നിരക്കുകളിലെ ഏകീകരണം സാദ്ധ്യമാക്കണമെന്നാണ് തീർത്ഥാടകർ ആവശ്യപ്പെടുന്നത്. ഇത്തവണ കരിപ്പൂർ വിമാനത്താവളം വഴി 5,755 പേരും കണ്ണൂരിലൂടെ 4,026 പേരും കൊച്ചി വഴി 5,422 തീർത്ഥാടകരുമാണ് പുറപ്പെടല്‍ കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.
2020 ആഗസ്റ്റ് ഏഴിനുണ്ടായ വിമാനദുരന്തത്തിന് ശേഷം വലിയ വിമാനങ്ങള്‍ക്കുള്ള സർവീസ് അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കിയിരുന്നു.
കോഡ് സി വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രയ്ക്ക് ഉപയോഗിക്കുക. ഇതില്‍ 180 മുതല്‍ 190 സീറ്റുകള്‍ വരെയുള്ള വിമാനങ്ങളാണ് സർവ്വീസ് നടത്തുന്നത്. ഇതില്‍ ലഗേജ് ഉള്‍പ്പെടെ 166 യാത്രക്കാരെയാണ് കൊണ്ടുപോകുവാനാകുക. വലിയ വിമാനങ്ങളില്‍ 400 പേർക്ക് യാത്ര ചെയ്യാനാവും.ചെറിയ വിമാനങ്ങള്‍ സർവീസ് നടത്തുമ്ബോള്‍ സാമ്ബത്തിക ചെലവുകള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് യാത്രാനിരക്ക് ഗണ്യമായി കൂട്ടിയത്.
എന്നാല്‍ കോഡ് സി വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്കും വൈറ്റ് ബോഡി വിഭാഗത്തിലുള്ള വലിയ വിമാനങ്ങള്‍ക്കും സർവ്വീസ് ചെലവുകളില്‍ വലിയ തോതിലുള്ള സാമ്ബത്തിക അന്തരമില്ലെന്ന്ചൂണ്ടിക്കാണിക്കപ്പെടുന്നു.