അബൂദബി: ഈദുൽ ഫിത്വറിന് തൊട്ടുമുമ്പായി പുതിയ 100 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. പോളിമറിൽ നിർമിച്ച പുതിയ നോട്ടിന് നവീനമായ ഡിസൈനും ആധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ടെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
നോട്ടിന്റെ മുൻഭാഗത്ത് ചരിത്ര സാംസ്കാരിക സ്മാരകമായ ഉമ്മുൽ ഖുവൈൻ നാഷനൽ ഫോർട്ടാണ് ഉള്ളത്. മറുഭാഗത്ത് ഫുജൈറ കോട്ടയും ചിത്രീകരിച്ചിട്ടുണ്ട്.
ഇത്തിഹാദ് റെയിലാണ് നോട്ടിലുള്ള മറ്റൊരു ചിത്രം. ഏഴ് എമിറേറ്റുകളെയും ജിസിസി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയാണിത്. നിലവിലുള്ള 100 ദിർഹത്തിന്റെ കളർ കോമ്പിനേഷൻ തന്നെയാണ് പുതിയതിലും.
മാർച്ച് 24 മുതൽ പുതിയ ബാങ്ക് നോട്ട് വിതരണം ചെയ്യും. ഒപ്പം നിലവിലുള്ള നോട്ടുകളും ഉപയോഗിക്കാനാവും. എല്ലാ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും കൗണ്ടിങ് യന്ത്രങ്ങളിലും പുതിയ നോട്ട് തിരിച്ചറിയാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത പേപ്പർ ബാങ്ക് നോട്ടുകളേക്കാൾ കൂടുതൽ കാലം ഈട് നിൽക്കുന്നതാണ് പോളിമർ നോട്ടുകൾ. കാഴ്ച്ചാ പരിമിതിയുള്ളവർക്ക് നോട്ട് തിരിച്ചറിയുന്നതിനായി ബ്രെയ്‌ലി സംവിധാനവും പുതിയ നോട്ടുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.