തിരൂർ: തിരൂർ ഗവ.ജില്ലാ ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 20 രൂപയാക്കാനുള്ള അധികൃതരുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. പാവങ്ങളും സാധാരണക്കാരുമായ രോഗികൾ ഏറെ ആശ്രയിക്കുന്ന ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി തീരുമാനം പിൻവലിക്കണമെന്നും ഇത് സംബന്ധിച്ച് ചേർന്ന യോഗം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ, സ്ഥലം എം.എൽ.എ., ആശുപത്രി സൂപ്രണ്ട്, എച്ച്.എം.സി. എന്നിവർക്ക് സംഘടന പരാതി നൽകി. ആശുപത്രിക്ക് മുൻപിൽ സമരം സംഘടിപ്പിക്കുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. റഷീദ് തലക്കടത്തൂർ, ബാവ ക്ലാരി, മജീദ് മൊല്ലഞ്ചേരി, പി.എ.ഗഫൂർ താനൂർ, മുസ്തഫ ഹാജി പുത്തൻതെരു, സി.സൈനബ സംസാരിച്ചു.









