മണ്ണാർക്കാട്:അടിയന്തിര ഘട്ടത്തിൽ പരസ്പരം സഹകരിച്ച് സർക്കാർ – സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെ മാതൃകയാർന്ന പ്രവർത്തനത്തിലൂടെ രക്ഷപ്പെട്ടത് രണ്ട് ജീവനുകൾ. ചികിത്സ രംഗത്ത് സർക്കാർ – സ്വകാര്യ മേഖലകൾ പരസ്പരം മത്സരിക്കുന്നു എന്ന ചിന്ത പൊതു സമൂഹത്തിൽ നിലനിൽക്കുമ്പോഴാണ് സർക്കാർ ഡോക്ടറുടെ മനസാന്നിധ്യവും സ്വകാര്യ ആശുപത്രി ഡോക്ടറുടെ അനുഭവ സമ്പത്തും കൈകോർത്ത് രണ്ട്
ജീവനുകളെ തിരികെ പിടിച്ചത്.
സംഭവം ഇങ്ങനെ
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി തെങ്കര ചിറപ്പാടം സ്വദേശിനിയായ 23 കാരി എത്തുന്നു.
ലേബർ റൂമിൽ കയറ്റിയ യുവതിക്ക് സിസേറിയൻ വേണ്ട സാഹചര്യം ഉണ്ടാകുന്നു.താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ കലയുടെ നേതൃത്വത്തിൽ സിസേറിയൻ തുടങ്ങുന്നു.പെട്ടെന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ യുവതിയുടെ നില അപകടകരമായ രീതിയിൽ വഷളാവുന്നു.അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണിയാകുന്ന നില വരുന്നു. ഏതൊരു ഡോക്ടറും പരിഭ്രാന്തിയിലാകുന്ന നിമിഷങ്ങൾ. എന്നാൽ മനസാന്നിദ്ധ്യം കൈവിടാതെ ഡോക്ടർ കല പെട്ടെന്ന് തന്നെ ഈ രംഗത്ത് ഏറെ അനുഭവ സമ്പത്തുള്ള ന്യൂ അൽമ ഹോസ്പിറ്റൽ എം.ഡി കൂടിയായ ഡോ: കെ.എ.കമ്മപ്പയെ ഫോണിൽ വിളിക്കുന്നു.
സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഡോ:കമ്മപ്പ തന്റെ ഹോസ്പിറ്റലിലെ തിരക്കുകൾ മാറ്റി വച്ച് രണ്ട് സഹപ്രവർത്തകരെയും കൂട്ടി താലൂക്ക് ആശുപത്രിയിലേക്ക് കുതിക്കുന്നു.
താലൂക്ക് ആശുപത്രിയിലെ ലേബർ റൂമിൽ എത്തിയ ഡോ:കമ്മപ്പ ഡോ:കലയോടൊപ്പം രക്ഷാദൗത്യം തുടങ്ങി.ഡോക്ടർമാരുടെ പരിശ്രമത്തോടൊപ്പം ഈശ്വരാനുഗ്രഹവും ചേർന്നതോടെ സിസേറിയൻ വിജയകരമായി പൂർത്തിയാക്കാനായി. നിലവിൽ അമ്മയും കുഞ്ഞും പൂർണ്ണ
ആരോഗ്യത്തോടെ ഇരിക്കുന്നു.
നഷ്ടപ്പെട്ടു എന്ന് കരുതിയിടത്തു നിന്ന്
രണ്ട് ജീവനുകൾ തിരിച്ചു പിടിച്ച ചാരിതാർത്ഥ്യത്തോടെ ലേബർ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ
ഡോ:കമ്മപ്പയുടെ അനുഭവ സമ്പത്തിന് നന്ദി പറഞ്ഞ് താലൂക്ക് ആശുപത്രിയിലെ ഡോ:കലയും സഹപ്രവർത്തകരും…..
അതേസമയം നിർണായക ഘട്ടത്തിലും മനസാന്നിദ്ധ്യം വിടാതെ പ്രവർത്തിച്ച ഡോ: കലയുടെ ഇടപെടലിനെ അഭിനന്ദിച്ച്
ഡോ:കമ്മപ്പയും.
ഒരു കാര്യം വ്യക്തം.
പേരിൽ സർക്കാർ – സ്വകാര്യ എന്നെല്ലാം വേർതിരിവുകളുണ്ടെങ്കിലും ഒരു പ്രതിസന്ധി വരുമ്പോൾ അതൊന്നും ഒരു തടസമല്ലെന്നും ഈഗോ മാറ്റി വച്ച് പരസ്പരം സഹകരിച്ച് പ്രവർത്തിച്ചാൽ നിരവധി ജീവനുകൾ തിരിച്ച് പിടിക്കാൻ കഴിയുമെന്നുമുള്ള വലിയൊരു സന്ദേശമാണ് ഇതിലൂടെ തെളിയുന്നത്.