തിരൂര്‍: പൂങ്ങോട്ടുകുളത്തെ ഓട്ടോമാറ്റിക്ക് ട്രാഫിക്ക് സംവിധാനത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. പൂങ്ങോട്ടുകുളത്ത് ഗതാഗതനിയന്ത്രണം ഇനി ഓട്ടോമാറ്റിക് ലൈറ്റുകളുടെ സഹായത്തോടെയെന്ന് ഡിവൈ.എസ്.പി പി.പി ഷംസ്. പരാതികള്‍ പരിഹരിച്ചും സംവിധാനങ്ങള്‍ ഒരുക്കിയും ഗതാഗതനിയന്ത്രണം കുറ്റമറ്റതാക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പരീക്ഷണാടിസ്ഥാനത്തില്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സീബ്ര ലൈനുകള്‍, വാഹനങ്ങള്‍ നിര്‍ത്താനുള്ള സിഗ്നല്‍ ലൈനുകള്‍ തുടങ്ങിയവ ഒരുക്കാനുണ്ടെന്നും അതിനായി പൊതുമരാമത്ത് വകുപ്പിനും നഗരസഭക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയാണ് താഴെപ്പാലത്തും പൂങ്ങോട്ടുകുളത്തും ഓട്ടോമാറ്റിക്ക് ട്രാഫിക്ക് ലൈറ്റുകള്‍ സ്ഥാപിച്ചത്. രൂക്ഷമായ തിരക്കുള്ള സമയങ്ങളില്‍ ഗതാഗതനിയന്ത്രണത്തിന് പൊലീസുകാരെ കൂടി നിയോഗിക്കും. താഴെപ്പാലത്തെ വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുറച്ച് കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. വിളക്കുകള്‍ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭ നടപടിയെടുത്തിരുന്നില്ല. അതിനിടെയാണ് പൊലീസ് ഇടപെടലുണ്ടായിരിക്കുന്നത്. നിലവില്‍ വാഹനങ്ങളും പൊലീസുകാരും വട്ടം കറങ്ങുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. മതിയായ സിഗ്നല്‍ ലൈനുകളില്ലാത്തതാണ് പ്രധാന പ്രശ്‌നം. സിഗ്നല്‍ ലൈറ്റ് തെളിയുമ്പോള്‍ വാഹനങ്ങള്‍ ജങ്ഷന്റെ മധ്യഭാഗത്ത് വരെ നിര്‍ത്തുന്നുണ്ട്. ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിക്കുന്നത് അറിയാതെ എത്തുന്ന വാഹനങ്ങളാണ് കൂടുതലും തലവേദന സൃഷ്ടിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here