ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്, എല്ലാം കൂടി ഒരുമിച്ച് വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയില്‍ ഡോളറിന് 83.78 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 83.72 എന്ന നിലയിലായിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഓഹരി വിപണിയിലെ കനത്ത തകര്‍ച്ചയാണ് രൂപയുടെ വീഴ്ച്ചയ്ക്ക് ആക്കംകൂട്ടിയത്. സെന്‍സെക്സ് ഇന്ന് ആയിരത്തിലേറെ പോയിന്‍റാണ് തകര്‍ന്നത്. അമേരിക്കയിലെ സാമ്ബത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകള്‍ നിക്ഷേപം മാറ്റുന്നുണ്ട്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ തുടങ്ങി. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിൻവലിച്ചത് 3310 കോടി രൂപയുടെ നിക്ഷേപമാണ്.