ലെബനോനിൽ ഒരേസമയം പൊട്ടിത്തെറിച്ചത് 1000ത്തിലേറെ പേജറുകൾ; 2000ത്തിലേറെ പേർക്ക് പരിക്ക്, ഏറെയും ഹിസ്ബുള്ള അംഗങ്ങൾ

ബെയ്റൂട്ട് : ഇറാൻ്റെ പിന്തുണയുള്ള ലെബനോനിൽ ഒരേസസമയം 1000ത്തിലേറെ പേജറുകൾ പൊട്ടിത്തെറിച്ച് 2000ത്തിലേറെ പേർക്ക് പരിക്ക്. എട്ടുപേരോളം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനോനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെ നൂറുകണക്കിന് അംഗങ്ങൾക്ക് പരിക്കേറ്റു. ലെബനോനിലെ ഇറാൻ അംബാസഡർ മോജ്താബ അമാനിയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി ഇറാൻ്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. സംഭവം വൻ സുരക്ഷാ വീഴ്ചയാണെന്ന് വിശേഷിപ്പിച്ച ഹിസ്ബുള്ള ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

യുഎസും യൂറോപ്യൻ യൂണിയനും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഭിന്നത ഏറെക്കാലമായി രൂക്ഷമായി നിലനിൽക്കുകയാണ്. ഇതിനിടെയാണ് ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന 1000ത്തിലേറെ പേജർ മെഷീനുകൾ ഒരേസമയം ലെബനോനിൻ്റെ വിവിധ ഭാഗങ്ങളിലായി പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം മൂന്നരയോടെയാണ് സംഭവം. ഹിസ്ബുള്ള അംഗങ്ങളും ആരോഗ്യപ്രവർത്തകരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. മരിച്ച രണ്ടുപേർ ഹിസ്ബുള്ളയുടെ ഫൈറ്റർമാരാണെന്ന് ഔദ്യോഗിക പ്രസ്താനയിൽ അറിയിച്ചു.

ഇസ്രായേൽ – ഹമാസ് യുദ്ധമാരംഭിച്ചതുമുതൽ ഇസ്രായേലും ഹമാസിന് പിന്തുണ നൽകുന്ന ഹിസ്ബുള്ളയും തമ്മിൽ അടിയും തിരിച്ചടിയും പതിവാണ്. ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളിലെയും നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിർത്തികളിൽനിന്ന് നിരവധി പേർക്ക് പലായനം ചെയ്യേണ്ട സാഹചര്യവും ഉണ്ടായി. ഇപ്പോഴത്തെ സംഭവം വൻ സുരക്ഷാ വീഴ്ചയാണെന്ന് ഹിസ്ബുള്ള സംഘാംഗം വ്യക്തമാക്കി. ശത്രു പേജറുകൾ ലക്ഷ്യംവെച്ചുവെന്നും അദ്ദേഹം ഇസ്രായേലിനെ ഉന്നമിട്ട് കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ ലെബനോൻ തലസ്ഥാനമായ ബെയ്റൂട്ടിൽ പ്രവർത്തിക്കുന്ന ഇറാൻ അംബാസഡർ മോജ്താബ അമാനിക്കും പരിക്കേറ്റതായി ഇറാൻ സ്റ്റേറ്റ് മാധ്യമം റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ ലെബനീസ് പാർലമെൻ്റിലെ ഹിസ്ബുള്ളയുടെ പ്രതിനിധിയായ അലി അമ്മറിൻ്റെ മകൻ കൊല്ലപ്പെട്ടതായി സൗദി വാർത്താ ചാനൽ റിപ്പോ‍ർട്ട് ചെയ്തു.

കഴിഞ്ഞ കുറച്ചുമാസങ്ങൾക്ക് മുൻപ് ഹിസ്ബുള്ള കടത്തിക്കൊണ്ടുവന്ന പേജറുകളാണ് പൊട്ടിത്തെറിച്ചതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഇവയിലെ ലിഥിയം ബാറ്ററികളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്. സൈബർ ആക്രമണത്തെ തുടർന്ന് ലിഥിയം ബാറ്ററി ഓവർഹീറ്റായതാണ് സ്ഫോടന കാരണമെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോർട്ട്. പേജറുകൾക്കുള്ളിൽ സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നതായി മറ്റു ചില മാധ്യമങ്ങളുടെ റിപ്പോർട്ടുമുണ്ട്. ഇതുസംബന്ധിച്ചു ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സ്ഫോടനത്തിന് പിന്നാലെ ആളുകൾ പരിഭ്രാന്തരാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് ആളുകൾ നിലത്ത് കിടക്കുന്നതും ചിതറിയോടുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റവരെ രക്ഷപ്പെടുത്താനായി ലെബനീസ് റെഡ് ക്രോസ് 50ലധികം ആംബുലൻസുകളും 300 എമർജൻസി മെഡിക്കൽ സ്റ്റാഫിനെയും വിന്യസിച്ചു. ഇതേസമയം സിറിയയിലെ ദമാസ്കസിലും പേജർ പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അതേസമയം ഹിസ്ബുള്ളയുടെ ആരോപണത്തിൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *