ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ മേധാവി യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഫലസ്തീനു വേണ്ടി അവസാനനിമിഷം വരെ യഹ്യ സിന്‍വാര്‍ പോരാടിയെന്നും ഹമാസ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിച്ച് ഗസയില്‍ നിന്ന് ഇസ്രായേല്‍ സേന പൂര്‍ണമായും പിന്‍വാങ്ങാതെ തങ്ങള്‍ ബന്ദികളാക്കിയവരെ വിട്ടയയ്ക്കില്ലെന്നു ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖലീല്‍ ഹയ്യ പറഞ്ഞു.
കഴിഞ്ഞദിവസമാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. സിന്‍വാറിന്റേതെന്നു കരുതുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് മൃതദേഹത്തിന്റെ ഡിഎന്‍എ സാംപിള്‍ പരിശോധിക്കുകയും കൊല്ലപ്പെട്ടത് സിന്‍വാര്‍ തന്നെയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല.
ഖലീല്‍ ഹയ്യയാവും ഹമാസിന്റെ പുതിയ മേധാവിയെന്നാണ് വിലയിരുത്തല്‍.
ഇസ്രായേല്‍ നടത്തിവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ കടന്നുകയറി ആക്രമണം നടത്തുകയും നിരവധി പേരെ ബന്ദികളായി പിടിച്ചുകൊണ്ടുവരികയും ചെയ്തത്. ഇതിനു ശേഷം ഇസ്രായേല്‍ ഗസയില്‍ കടന്നുകയറി ആക്രമണം തുടരുന്നുണ്ടെങ്കിലും ബന്ദികളെ ഇനിയും മോചിപ്പിക്കാനായിട്ടില്ല. ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ നീക്കത്തിലൂടെ വിവിധ ഘട്ടങ്ങളിലായി ഹമാസ് ഏതാനും ബന്ദികളെ മോചിപ്പിച്ചിരുന്നു. ഇതിനു പകരമായി ഇസ്രായേല്‍ തടവിലടച്ചിരുന്ന ഫലസ്തീനികളെയും മോചിപ്പിക്കുകയുണ്ടായി.









