കെഎസ്ഇബി അപകട സാധ്യത ഇനി വാട്സാപ്പിൽ അറിയിക്കാം

 

വൈദ്യുതി ശൃഖലയുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അപകടസാധ്യത കണ്ടാൽ ഇനിമുതൽ പൊതുജനങ്ങൾക്ക് വാട്‌സ് ആപ്പ് മുഖാന്തരം കെഎസ്ഇബിയെ വിവരം അറിയിക്കാം. മഴക്കാലത്ത് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും കമ്പിപ്പൊട്ടിയും അപകടങ്ങൾ സ്ഥിരമായ സാഹചര്യത്തിലാണ് ഉടനടി വിവരങ്ങൾ നൽകാനുള്ള സംവിധാനം കെഎസ്ഇബി നടപ്പാക്കുന്നത്.

വാട്‌സ്ആപ്പിൽ വിവരം ലഭിക്കുമ്പോൾ തന്നെ ബന്ധപ്പെട്ട് സെക്ഷൻ ഓഫീസുകളിലേക്ക് വിവരങ്ങൾ കൈമാറും.

നേരത്തെ അപകടസാധ്യതയെപ്പറ്റി സെക്ഷൻ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്ന് പരാതിയുയർന്നിരുന്നു. ഇതിനെതുടർന്നാണ് കേന്ദ്രീകൃതമായ പുതിയ പദ്ധതി കെഎസ്ഇബി നടപ്പിലാക്കുന്നത്.

 

എങ്ങനെ നൽകാം

 

എമർജൻസി നമ്പറായ 9496010101 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കാണ് വിവരങ്ങൾ കൈമാറേണ്ടത.് അപകടസാധ്യതയുള്ള വൈദ്യുതി തൂണിന്റെയോ ലൈനിന്റെയോ, ട്രാൻസ്ഫർമോറിന്റയോ ചിത്രം സഹിതയാണ് വാട്‌സ് ആപ്പിലുടെ വിവരം കൈമാറേണ്ടത്. ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിന്റെ പേര്, ജില്ല, വിവരങ്ങൾ നൽകുന്നയാളിന്റെ പേര്, ഫോൺ നമ്പർ എന്നിവയും നൽകണം. വിവരങ്ങൾ കൈമാറിയാൽ വേഗത്തിൽ പരിഹാരമുണ്ടാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.

വൈദ്യുതി സുരക്ഷാ അവാർഡുദാന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയാണ് പുതിയ വാട്‌സ് ആപ്പ് സംവിധാനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. എന്നാൽ, അപകട സാധ്യതകൾ സംബന്ധിച്ചുള്ള വിവരങ്ങൾ മാത്രമേ വാട്‌സ്ആപ്പ് നമ്പറിലൂടെ നൽകാൻ പാടുള്ളുവെന്നും കെഎസ്ഇബിയുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾക്കും പരാതികൾക്കും ടോൾഫ്രീ നമ്പറായ 1912 ൽ മാത്രമേ ബന്ധപ്പെടാവുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *