- ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ബജറ്റ് പ്രസംഗത്തില്‍ കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല.വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേരളം മുന്നോട്ട് വച്ചിരുന്നു. എയിംസ് ആയിരുന്ന മറ്റൊരു പ്രധാന ആവശ്യം. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി ഉള്‍പ്പെടെ രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉള്ള പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സമ്പൂര്‍ണ നിരാശയായിരുന്നു ഫലം.
ഇന്ന് രാവിലെ ബജറ്റ് അവതരണത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ എയിംസിന്റെ കാര്യത്തില്‍ മന്ത്രി സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങള്‍ 10 വര്‍ഷമായി തുടരുകയാണെന്നും ചില ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വച്ചിട്ടുണ്ടെന്നും ബജറ്റ് വരട്ടെയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കേരളം ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍
- ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ ചെലവിട്ട 6,000 കോടിക്ക്
- തുല്യതുക ഉപാധിരഹിത കടമായി അനുവദിക്കുക
- നികുതി വിഹിതം 40:60 എന്ന് പുനര്‍നിര്‍ണയിക്കുക
- കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമാക്കി ഉയര്‍ത്തുക
- കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങളിലെടുത്ത വായ്പ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും കടപരിധിയില്‍ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക
- വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയുടെ പാക്കേജ്
- വയനാട് തുരങ്കപാതയുടെ നിര്‍മാണത്തിന് 5,000 കോടിയുടെ സഹായം
- മൂലധന നിക്ഷേപ വായ്പാ പദ്ധതിയില്‍നിന്നുള്ള സഹായം
- സില്‍വര്‍ ലൈനിന് അനുമതി
- കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം 60 ശതമാനത്തില്‍നിന്ന് 75 ആക്കുക
- ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷന്‍വ്യാപാരികളുടെ കമീഷനും വര്‍ധിപ്പിക്കുക
- ആശ, അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം ഉയര്‍ത്തുക
- സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ വിഹിതം ഉയര്‍ത്തുക
- എയിംസ്, കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ
- റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുക