കൊച്ചി: സവാള വില ഉയര്‍ന്ന് നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഇപ്പോള്‍ തന്നെ ഉയര്‍ന്ന് നില്‍ക്കുന്ന വില ദീപാവലിയോടനുബന്ധിച്ച് ഇനിയും ഉയരുമോ എന്നാണ് സര്‍ക്കാരിനെ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നത്. ഉത്സവ സീസണില്‍ സവാള വില ഉയര്‍ന്നാല്‍ അത് ജനരോഷത്തിന് കാരണമാകുമെന്നതില്‍ സംശയമില്ല.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ചില്ലറ വിപണിയില്‍ സവാള വില നിലവില്‍ കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ്. ദീപാവലി വരെ ഉയര്‍ന്ന വില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്തതാണ് വില വര്‍ദ്ധനവിന് പ്രധാന കാരണം. മഴ കാരണം വിളവ് നശിച്ചതും വിതരണം തടസ്സപ്പെട്ടതുമാണ് വില വര്‍ധനയിലേക്ക് നയിച്ചത്. സവാളക്ക് പുറമേ തക്കാളി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. ഒമ്ബത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇവയുടെ വില
നാസിക്കിലെ ലാസല്‍ഗാവ് മൊത്തവ്യാപാര വിപണിയില്‍ കഴിഞ്ഞ ഒരു മാസമായി സവാളയുടെ വില കിലോയ്ക്ക് 45-50 രൂപയില്‍ തുടരുകയാണ്. ഖാരിഫ് വിളവെടുപ്പോടെ സവാളവില കുറയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴ വിളവിനെ പ്രതികൂലമായി ബാധിച്ചു. വെള്ളക്കെട്ട് കാരണം വിളവെടുപ്പ് 10 മുതല്‍ 15 ദിവസം വരെ വൈകുന്നത് വിപണിയിലെ വില സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.
അതേ സമയം വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സ്റ്റോക്കില്‍ നിന്ന് സവാളയുടെ ചില്ലറ വില്‍പ്പന ആരംഭിച്ചു. കൂടാതെ, ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനും ഉത്തരേന്ത്യയിലെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി നാസിക്കിനും ഡല്‍ഹിക്കും ഇടയില്‍ സവാള കൊണ്ടുപോകുന്നതിനായി ട്രെയിന്‍ സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
കുര്‍ണൂലിലും തെലങ്കാനയിലെയും ആന്ധ്രയിലെയും മറ്റ് പ്രദേശങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് ഉള്ളിയുടെ ഗുണനിലവാരം മോശമായതായിട്ടുണ്ട്. രണ്ട് മാസത്തെ സ്ഥിരതയ്ക്ക് ശേഷം ഭക്ഷ്യ എണ്ണയുടെ വില വര്‍ധിച്ച് തുടങ്ങിയതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും ആഗോളതലത്തില്‍ പാമോയില്‍ വിലയിലുണ്ടായ വര്‍ധനയുമാണ് ആഭ്യന്തര വിപണിയില്‍ വില കൂടാന്‍ കാരണം.