തിരൂരങ്ങാടി: കാലവർഷം ശക്തമാവുകയും പുഴകളിൽ വെള്ളം കരകവിഞ്ഞ് ഒഴുകുകയും താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ സേവന പ്രവർത്തനവുമായി വിവിധ സന്നദ്ധ സംഘടനകളും പ്രവർത്തകരും രംഗത്തിറങ്ങിയത് ഏറെ ആശ്വാസകരമായി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കടലുണ്ടി പുഴ നിറഞ്ഞ് കവിഞ്ഞ് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുന്നത് മുൻകൂട്ടി കണ്ടാണ് സന്നദ്ധ സംഘടനകൾ രംഗത്തിറങ്ങിയിട്ടുള്ളത്. 2018 ലും 2019 ലും അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒട്ടേറെ പേരുടെ വീടുകളിൽ വെള്ളം കയറി വൻ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. അന്ന് വീടുകളിൽ നിന്നും പലർക്കും വീട്ട് സാധനങ്ങളടക്കം മാറ്റാൻ കഴിയാതെ നശിച്ചിരുന്നു. അങ്ങനെ ഒരവസ്ഥ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് സന്നദ്ധ സംഘടനകളുടെ നേത്രത്വത്തിൽ വളണ്ടിയർമാർ ഇറങ്ങിയിരിക്കുന്നത്. വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ ചെന്ന് വീട്ടു സാധനങ്ങളും മറ്റും വീടിന്റെ തന്നെ ഉയർന്ന ഭാഗത്തേക്കും മറ്റു സ്ഥലങ്ങളിലേക്കും സുരക്ഷിതമായി മാറ്റി വെച്ചുമാണ് സേവനം ചെയ്യുന്നത്. അതുപോലെ തന്നെ പുഴകളിൽ നിന്നും കരയിലേക്കും പാടത്തേക്കും വെള്ളം കയറാൻ സാധ്യതയുള്ള ചെറിയ തോടുകളിൽ വെള്ളം കയറാതിരിക്കുന്നതിന് വേണ്ടി ചെറിയ തടയണകൾ നിർമ്മിച്ചും സേവന സജ്ജരാണ്. അനിശ്ചിതമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത കണ്ട് മുൻകരുതലെന്ന നിലയിൽ വീടുകളിലേക്ക് സൗജന്യമായി മെഴുകുതിരി വിതരണവും ചില സംഘടനകൾ നടത്തി വരുന്നുണ്ട്.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ