പെരിന്തൽമണ്ണ: മാസങ്ങളായി നടക്കുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ ഇഴയുന്നു. 8.5 കോടി രൂപ വകയിരുത്തിയാണ് നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിലെ പ്രധാന സ്റ്റേഷനായ അങ്ങാടിപ്പുറത്തിന്റെ നവീകരണ ജോലികൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വിവിധ ഘട്ടങ്ങളിലായാണ് നിർമാണ നവീകരണ ജോലികൾ നടത്തുന്നത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാകും മുമ്പ് തന്നെ 2024 ഫെബ്രുവരിയിൽ ആദ്യഘട്ട നവീകരണം പ് ധാനമന്ത്രി നരേന്ദ്രമോദി ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രവൃത്തികൾ മന്ദഗതിയിലായത്. റെയിൽവേ സ്റ്റേഷനുകളുടെ പ്രാധാന്യം, ഇവയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം, ഇതു വഴിയുള്ള ട്രെയിൻ സർവിസ് എന്നിവ മാനദണ്ഡമാക്കിയാണ് നവീകരണ പദ്ധതികൾ പരിഗണിച്ചത്. പൈതൃക തനിമ നിലനിർത്തി സ്റ്റേഷനുകൾ നവീകരിക്കുക എന്നതാണ് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ അങ്ങാടിപ്പുറത്ത് റെയിൽവേ സ്റ്റേഷന്റെ മുൻ വശത്തുള്ള പ്രധാന കവാടത്തിന്റെ പ്രവൃത്തികൾ തുടങ്ങി വെച്ചതാണ്. മാസങ്ങൾ പിന്നിട്ടെങ്കിലും ഇനിയും പണികൾ ശേഷിക്കുന്നു.
നിലമ്പൂർ- ഷൊർണൂർ പാതയിലെ തന്നെ ഏറ്റവും വലിയ പാർക്കിങ് സംവിധാനം, സ്റ്റേഷനിലേക്ക് എത്തിപ്പെടാനുള്ള വീതി കൂടിയ റോഡിന്റെ നിർമാണം, ഒന്നാം പ്ലാറ്റ്ഫോമിൽ എത്തുന്നവർക്ക് മഴയും വെയിലും കൊള്ളാതെ ട്രെയിനിൽ കയറാനുള്ള സൗകര്യം എന്നീ പ്രവൃത്തികൾ ദ്രുതഗതിയിലാണ് പൂർത്തിയാക്കിയത്. എന്നാൽ, ഡിസ്പ്ലേ ബോർഡുകൾ, അലങ്കാര വിളക്കുകൾ, കുടിവെള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ആദ്യ ഘട്ടത്തിൽ പെടുന്നതാണ്. കൂടുതൽ ഇരിപ്പിടങ്ങളും ലൈറ്റുകളും സ്ഥാപിക്കൽ, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം എന്നിവയും പൂർത്തിയായിട്ടില്ല. സ്റ്റേഷനിൽ നിന്ന് എഫ്.സി.ഐ റോഡ് എന്ന ഗുഡ്‌സ് ഷെഡ് റോഡ് കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ എത്താനുള്ള പ്രധാന വഴിയാണ്. കാലപ്പഴക്കത്താൽ തകർന്ന ഈ റോഡിന്റെ സ്ഥിതി കാല വർഷത്തോടെ ഏറെ പരിതാപകരമാണ്. ഇതിന്റെ നിർമാണ പ്രവൃത്തികൾ രണ്ടാം ഘട്ടത്തിൽ ആരംഭിക്കാനിരുന്നതാണ്.
പാതയിലെ വൈദ്യുതീകരണം പൂർത്തീകരിച്ച് ട്രയൽ റൺ ഓടിയെങ്കിലും മേലാറ്റൂരിലെ വൈദ്യുതി ട്രാക്ഷൻ സബ് സ്റ്റേഷനും പൂർത്തിയായില്ല. അതിനാൽ മേലാറ്റൂരിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചുള്ള ട്രെയിനുകൾ ഓടിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതേ സമയം അങ്ങാടിപ്പുറത്ത് സൗകര്യങ്ങൾ വർധിക്കുന്തോറും യാത്രക്കാരുടെ എണ്ണവും കൂടി വരികയാണ്. നിലമ്പൂർ ഷൊർണൂർ പാതയിലെ ഓരോ സ്റ്റേഷനിലെയും അടിസ്ഥാന സൗകര്യങ്ങൾ ഏറുന്നതോടെ ഇതു വഴി കടന്നു പോകുന്ന ഓരോ ട്രെയിനുകളിലും യാത്രക്കാരുടെ എണ്ണവും ദിനേന വർധിക്കുന്നതിലൂടെ റെയിൽവേയുടെ വരുമാനമാണ് കുതിക്കുന്നത്.