കുറ്റിപ്പുറം : കുറ്റിപ്പുറത്ത് വിദ്യാർഥികളുടെ കൂട്ടത്തല്ല് അവസാനിക്കുന്നില്ല. വ്യാഴാഴ്ച വൈകീട്ട് വീണ്ടും ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേയും ഗവ. ഹൈസ്കൂളിലേയും ഒരു വിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടി. തിരൂർ റോഡിൽനിന്ന് ബസ്‌സ്റ്റാൻഡിലേക്കുള്ള വൺവേ റോഡിൽ ബി.എസ്.എൻ.എൽ. ഓഫീസിനു മുൻപിലാണ് സംഭവം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഓടിയെത്തിയ നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ പറഞ്ഞയച്ചു. ഇതിനിടയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച നാല് വിദ്യാർഥികളെ നാട്ടുകാർ പിടികൂടി.
ഇവരിൽ ഒരു വിദ്യാർഥി നാട്ടുകാരെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. പിന്നീട് സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലീസ് നാല് കുട്ടികളുടേയും സ്കൂൾ ബാഗുകൾ കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുമായി വെള്ളിയാഴ്ച സ്റ്റേഷനിൽ എത്താൻ പോലീസ് നിർദ്ദേശം നൽകി.
ഗവ. ഹൈസ്കൂളിലേയും ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേയും ഒരു വിഭാഗം വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം തുടങ്ങിയിട്ട് മാസങ്ങളായി. ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു ഏറ്റുമുട്ടൽ നടന്നിരുന്നത്. ബസ്‌സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് പുനരാരംഭിച്ചതോടെ ഏറ്റുമുട്ടൽ സബ് രജിസ്ട്രാർ ഓഫീസ് പരിസരത്തേക്കും വൺവേ റോഡിലേക്കും മാറി. ചൊവ്വാഴ്ച വൈകീട്ടും സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടിയിരുന്നു.