പെരിന്തൽമണ്ണ: മലപ്പുറം ജില്ലയില്‍ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് രാത്രികളില്‍ ബൈക്കുകള്‍ മോഷണം നടത്തിയ കേസുകളില്‍ മൂന്നു പേര്‍ പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയില്‍. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്പ് വീട്ടില്‍ ഷംനാഫ് (18), കുറ്റിപ്പുറം വീട്ടില്‍ ഷാജി കൈലാസ് (19), താഴത്തുവീട്ടില്‍ അബുതാഹിര്‍ (19) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ. സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ സി. തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘം അറസ്‌റ്റ് ചെയ്‌തത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കഴിഞ്ഞ 27ന് രാത്രിയില്‍ പെരിന്തല്‍മണ്ണ ടൗണില്‍ മൂസക്കുട്ടി ബസ് സ്‌റ്റാന്‍ഡിനു സമീപത്തുള്ള കെട്ടിടത്തില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കൊണ്ടോട്ടി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ വണ്ടി മോഷണം പോയിരുന്നു.
ബൈപ്പാസില്‍ വിദ്യാഭ്യാസ സ്‌ഥാപനത്തിന്‍റെ പാര്‍ക്കിംഗില്‍ നിന്ന് മോഷണം പോയ ഈ കേസിന്‍റെ അന്വേഷണം നടക്കുന്നതിനിടെ ഇക്കഴിഞ്ഞ രണ്ടിന് രാത്രി വീണ്ടും ടൗണില്‍ പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍ വീടിനു സമീപം പാര്‍ക്ക് ചെയ്‌തിരുന്ന യുവാവിന്‍റെ ബൈക്ക് മോഷണം പോയതായി സേ്‌റ്റഷനില്‍ പരാതി ലഭിച്ചു. തുടര്‍ച്ചയായി ബൈക്ക് മോഷണക്കേസുകള്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥന്‍റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ടൗണിലും പരിസരങ്ങളിലുമുള്ള ക്യാമറകള്‍ ശേഖരിച്ചും മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ വേങ്ങര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബൈക്ക് മോഷണ സംഘത്തെകുറിച്ച് സൂചന ലഭിക്കുകയും തുടര്‍ന്ന് വേങ്ങരയിലും പരിസരങ്ങളിലും നിന്നായി മൂന്നുപേരെ പോലീസ് സംഘം കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
കൂടുതല്‍ ചോദ്യം ചെയ്‌തതില്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി രാത്രിയില്‍ കറങ്ങിനടന്ന് ബൈക്കുകള്‍ മോഷണം നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയശേഷം മോഷണം നടത്തി കൊണ്ടുവരുന്ന ബൈക്കുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ നമ്പര്‍ പ്ലേറ്റ് വച്ചും നമ്പറില്ലെന്നും ഉപേക്ഷിച്ച നിലയില്‍ കിട്ടിയതാണെന്നും മറ്റും പറഞ്ഞ് കുറഞ്ഞവിലയ്‌ക്ക് വില്‍പന നടത്തുന്നതാണ് രീതി.
കൂടുതല്‍ ബൈക്കുകള്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഷാജി കൈലാസിന്‍റെ പേരില്‍ തൃശ്ശൂര്‍, തൃത്താല, താനൂര്‍ എന്നിവിടങ്ങളില്‍ ബൈക്ക് മോഷണക്കേസുകളുണ്ട്.
അടുത്തിടെ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയതാണ്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. ടി.കെ. ഷൈജു, സി.ഐ. സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ സി. തങ്കച്ചന്‍, അഡീഷണല്‍ എസ്.ഐ. ഷാഹുല്‍ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ പി. പ്രശാന്ത്, എന്‍.ടി. കൃഷ്‌ണകുമാര്‍, എം. മനോജ്‌കുമാര്‍, കെ. ദിനേഷ്, പ്രഭുല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.