കോഴിക്കോട് : വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ സമയം കിട്ടില്ല… ഒരു മിനിട്ട് വൈകിയാൽ ട്രിപ്പ് നഷ്ടമാകും. ട്രിപ്പില്ലെങ്കിൽ ശമ്പളവും ഇല്ല”… 32 വർഷമായി വേളൂർ വെസ്റ്റ്- കോഴിക്കോട് റൂട്ടിൽ കണ്ടക്ടറായി ജീവിതം നീക്കുന്ന വേളൂർ സ്വദേശി ദിവാകരൻ ദിവസവും പുലർച്ചെ 4.30ന് ബസിൽ കയറും. വൈകിട്ടത്തെ ചായ ഒഴിച്ചാൽ പിന്നീടുള്ള ഭക്ഷണമൊക്കെ വീട്ടിൽ തന്നെ. രാത്രി 8.10നു ട്രിപ്പ് അവസാനിപ്പിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ അന്നത്തെ കൂലിയായ 1,100 രൂപ കൈയിലുണ്ടാകും. ട്രിപ്പ് കുറഞ്ഞാൽ കൈയിലുണ്ടാകുന്ന തുകയും കുറയും. ഭാര്യയും വിദ്യാർത്ഥിയായ മകളുമടങ്ങുന്ന കുടുംബത്തിന് അല്ലലില്ലാതെ ജീവിക്കാൻ ഈ പണിയിലൂടെ സാധിക്കുമെന്ന് പറഞ്ഞ ദിവാകരനോട് 12-13 മണിക്കൂർ ജോലിയിൽ മടുപ്പ് തോന്നിയിട്ടില്ലേ എന്നു ചോദിച്ചപ്പോൾ ചെറുപുഞ്ചിരിയോടെ സുഹൃത്തുക്കളെ നോക്കി, അപ്പോഴേക്കും മറുപടിയുമായി അത്തോളി സ്വദേശിയായ ഡ്രൈവർ ബബീഷെത്തി. ‘ജോലിയിൽ സന്തോഷവാനാണെങ്കിലും റിസ്കാണ്. റോഡിന്റെ ശോച്യാവസ്ഥയും വാഹനങ്ങൾ കൂടിവരുന്നതും വെല്ലുവിളിയാണ്. കളക്ഷൻ ഉണ്ടെങ്കിലും കൊവിഡിനുശേഷം യാത്രക്കാർ കുറവാണ്. ഡ്രൈവറിന് 1,200 രൂപഒരു ദിവസം കൂലികിട്ടും’. 20 വർഷമായി കണ്ടക്ടർ കുപ്പായമിട്ട തനിക്ക് 900 രൂപയാണ് ദിവസ ശമ്പളമെന്ന് പറഞ്ഞ് വിനുവും സംസാരത്തിനെത്തി. ‘കളക്ഷൻ കൂടിയാൽ കൂലിയും കൂടും. കളക്ഷനനുസരിച്ച് ശമ്പളം വാങ്ങുന്ന ജീവനക്കാർ ഇവിടെ നിരവധിയുണ്ട്. 100ന് 10 എന്നാണ് ശമ്പള രീതി’. ‘വലിയ ആഗ്രഹങ്ങളൊന്നുമില്ലെന്നും ഇങ്ങനെയങ്ങ് ജീവിച്ചുപോയാൽ മതിയെന്നാണ് ചീക്കോളി സ്വദേശി ചന്ദ്രൻ പറയുന്നത്. ‘തട്ടിമുട്ടി പോകാമെന്നല്ലാതെ സ്ഥിര വരുമാനമായി ഈ തൊഴിലിനെ കാണാനാകില്ലെന്ന് അന്നശേരി സ്വദേശി ഷൈനും പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെക്കുറിച്ച് പരാതി പ്രളയമാണല്ലോ എന്ന ചോദ്യത്തിന് നിസഹായതയോടെയാണ് ഡ്രൈവർമാരുടെ മറുപടി. അത് മത്സര ഓട്ടമല്ല. ജീവിക്കാനുള്ള നെട്ടോട്ടമെന്നാണ് അവർ പറയുന്നത്. ഒരു മിനിറ്റ് വൈകിയാൽ പ്രശ്നമാണ്. ഒരു സർവീസ് വൈകിയാൽ ആ സമയത്തെ മറ്റ് ബസുകൾ ഓടിയെത്തും. ഇത് കളക്ഷനെ ബാധിക്കും. പൊട്ടിപ്പൊളിഞ്ഞ റോഡും ബ്ലോക്കും വാഹനത്തിന്റെ വേഗത കൂട്ടാൻ കാരണമാകുന്നു.
30 ലക്ഷം മുതലാണ് പുതിയ ബസിന് വില. രണ്ടിനും അഞ്ചിനുമിടയിലാണ് ഒരു ലിറ്റർ ഡീസലിന് മൈലേജ് കിട്ടുന്നത്. 10,000രൂപ ദിവസ വരുമാനമുള്ള ഒരു ബസിന് ഡീസലും ജീവനക്കാരുടെ ശമ്പളവും പോയാൽ വളരെ തുച്ഛമായ തുകയാണ് തങ്ങൾക്ക് ലഭിക്കുന്നത് ബസുടമ സജീവൻ പറയുന്നു. വണ്ടിയുടെ പണികളും വർഷാവർഷമുള്ള ടാക്സും ഇൻഷുറൻസും എല്ലാം ഇതിൽ നിന്ന് നടത്തണം.