അഞ്ചാം ക്ലാസുകാരൻ്റെ സമയോചിത ഇടപെടൽ: വിദ്യാർത്ഥികൾ വൈദ്യുതാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടു

കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിദാൻ്റെ സമയോചിത ഇടപെടൽ കൂട്ടുകാരായ രണ്ട് പേരെ വൈദ്യുതാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി. ഇന്നലെ അർധ വാർഷിക പരീക്ഷ എഴുതാനായി വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ സ്കൂൾ ബസ്സ് കാത്തുനിൽക്കുകയായിരുന്നു സിദാനും കൂട്ടുകാരായ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റാജിഹും ഏഴാം തരം വിദ്യാർത്ഥി ഷഹജാസും.അതിനിടയിലാണ് തൊട്ടടുത്ത വൈദ്യുത പോസ്റ്റിൽ നിന്ന് മുഹമ്മദ്‌ റാജിഹിന് ഷോക്കേറ്റത്.ഇത് കണ്ടയുടൻ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴാം ക്ലാസുകാരൻ ഷഹജാസിനും നിസ്സാരമായ പൊള്ളലേറ്റു.തികച്ചും അപ്രതീക്ഷിതമായ സംഭവത്തിൽ സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള്‍ പറ്റുമെന്നതും കണക്കിലെടുക്കാതെ അവസരോചിതമായാണ് മുഹമ്മദ്‌ സിദാൻ എന്ന പത്ത് വയസ്സുകാരൻ അടുത്ത് കിടന്ന ഒരു വടി ഉപയോഗിച്ച് കൂട്ടുകാരെ രണ്ടുപേരെയും വൈദ്യുതാഘാതത്തിൽ നിന്ന് രക്ഷിച്ചത്. സിദാന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തത്തിൽ നിന്നാണ് കൂട്ടുകാർക്ക് രക്ഷയായത്.കോട്ടോപ്പാടം കൊടുവാളിപ്പുറം കല്ലായത്ത് വീട്ടിൽ ഉമ്മർ ഫാറൂഖിൻ്റെയും ഫാത്തിമത്ത് സുഹ്റയുടെയും മകനാണ് മുഹമ്മദ് സിദാൻ.മുത്തനിൽ സലീമിൻ്റെയും ഹസനത്തിൻ്റെയും മകൻ മുഹമ്മദ് റാജിഹും പൂവ്വത്തുംപറമ്പൻ യൂസഫിൻ്റെയും ജുസൈലയുടെയും ഷഹജാസുമാണ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത്.കൂട്ടുകാരുടെ ജീവന് തുണയേകുന്നതിൽ അങ്ങേയറ്റം മാതൃകാപരമായ ധീരതയും മന:സാന്നിധ്യവും പ്രകടിപ്പിച്ച മുഹമ്മദ്‌ സിദാനെ സ്കൂൾ പിടിഎയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.സ്കൂൾ പ്രിൻസിപ്പാൾ എം.പി. സാദിഖ്,ഹെഡ്മാസ്റ്റർ ശ്രീധരൻ പേരേഴി, മാനേജർ കല്ലടി റഷീദ്, സ്കൂൾ പിടിഎ പ്രസിഡണ്ട് കെ.ടി. അബ്ദുള്ള,സ്റ്റാഫ് സെക്രട്ടറി പി.ഗിരീഷ്, സീനിയർ അസിസ്റ്റന്റ് കെ.എസ്.മനോജ്,സീനിയർ അധ്യാപകൻ പി. മനോജ്,കെ.മൊയ്തുട്ടി തുടങ്ങിയവർ സംബന്ധിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുട്ടിയെ നേരിൽ വിളിച്ച് അഭിനന്ദിച്ചു.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *