ക്രിസ്മസ് ചെലവിനുള്ള പണവും മറ്റ് രേഖകളുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതറിഞ്ഞ് ആശങ്കയിലായ ഷൈനിക്ക് കരുതലും കൈത്താങ്ങുമായി കണ്‍ട്രോള്‍ റൂം പോലീസ്.നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്ന ഫോണ്‍ ട്രാക്ക്ചെയ്ത പോലീസ് കണ്ടെത്തിനല്‍കി. വാകത്താനം പട്ടരുകണ്ടത്തില്‍ നിധിൻ ജേക്കബിന്റെ ഭാര്യ ഷൈനിക്കാണ് പുതുപ്പള്ളിയില്‍നിന്ന് കഞ്ഞിക്കുഴിയിലേക്കുള്ള ഇരുചക്രവാഹനയാത്രയ്ക്കിടെ പണവും മൊബൈല്‍ഫോണും എ.ടി.എം. കാർഡും മറ്റ് വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് വഴിയില്‍ നഷ്ടപ്പെട്ടത്. ക്രിസ്മസിനും അവധി ആവശ്യങ്ങള്‍ക്കുമുള്ള പണമാണ് പഴ്സിലുണ്ടായിരുന്നത്.
പണമുള്ളതിനാല്‍ ബാഗ് കിട്ടുന്നവർ തിരികെതരുമോ എന്ന് ആശങ്കയില്‍ ബാഗ് അന്വേഷിച്ച് തിരികെ പുതുപ്പള്ളിയിലേക്ക് വരുന്ന വഴിയാണ് പുതുപ്പള്ളിയില്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം പോലീസിനെ കാണുന്നത്. ബാഗ് നഷ്ടപ്പെട്ട വിവരം അറിയിച്ചതോടെ ഡോണ്‍ ബോസ്കോ സ്കൂള്‍ മുതല്‍ കൊട്ടാരത്തില്‍കടവ് വരെയുള്ള ഭാഗത്ത് പട്രോളിങ് നടത്തി വ്യാപാരസ്ഥാപനങ്ങളിലും ടാക്സി ഡ്രൈവർമാരോടും ബാഗ് നഷ്ടപ്പെട്ട വിവരം ധരിപ്പിച്ചു. കണ്ടെത്തിയാല്‍ പോലീസിനെ ബന്ധപ്പെടാൻ ഫോണ്‍ നമ്ബറും നല്‍കി. ഇതിനിടെ പോലീസ് സംഘത്തിലെ സീനിയർ സി.പി.ഒ. മുഹമ്മദ് ഷെബിൻ നഷ്ടപ്പെട്ട ബാഗില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ ലോഗിൻ ചെയ്തിട്ടുള്ള ജി-മെയില്‍ ഐഡിയും പാസ്‌വേഡും വാങ്ങി മൊബൈല്‍ ഫോണ്‍ ട്രാക്ക്‌ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. വൈകാതെ തന്നെ ഫോണ്‍ ലൊക്കേഷൻ പൊങ്ങന്താനത്ത് കണ്ടെത്തി. ഇതേസമയം നഷ്ടപ്പെട്ടുപോയ ഫോണിലേക്ക് മറ്റ് പോലീസുകാർ തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു.
ലൊക്കേഷൻ ലക്ഷ്യമാക്കി വാഹനമെടുത്തയുടൻ പോലീസ് സംഘത്തിന് ഫോണെത്തി, വാകത്താനം ആശാരിപ്പറമ്ബില്‍ യദുകൃഷ്ണനും സുഹൃത്ത് കൊടൂപറമ്ബില്‍ അരവിന്ദനും ആയിരുന്നു മറുതലയ്ക്കല്‍. വഴിയില്‍കിടന്ന് ബാഗ് ലഭിച്ചിട്ടുണ്ടെന്നും തിരിച്ചേല്‍പ്പിക്കാൻ ഉടമയുടെ വീട്ടിലേക്ക് പോകുയായിരുന്നുവെന്നും അറിയിച്ചു. ബാഗിലുള്ള ലൈസൻസില്‍നിന്ന് വിലാസം കണ്ടെത്തിയാണ് ഇവർ പുറപ്പെട്ടത്. എന്നാല്‍ വീട് കണ്ടെത്താനാകാഞ്ഞതിനെ തുടർന്ന് ബാഗ് പോലീസിലേല്‍പ്പിക്കാൻ വരുമ്ബോഴാണ് കോള്‍ കണ്ട് തിരികെ വിളിച്ചതെന്നും ഇവർ പറഞ്ഞു. ഇവർ പുതുപ്പള്ളി പള്ളിക്കവലയില്‍ പോലീസിന്റെ സാനിധ്യത്തില്‍ ബാഗ് ഷൈനിക്ക് കൈമാറി. ഇതിലും വലിയൊരു ക്രിസ്മസ് സമ്മാനം കിട്ടാനില്ലെന്നാണ് ബാഗ് തിരികെലഭിച്ച ഷൈനി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. കണ്‍ട്രോള്‍ റൂം (മൂന്ന്) വാഹനത്തിലെ ഉദ്യോഗസ്ഥരായ എസ്.ഐ. രാജോഷ് കുമാർ, എസ്.സി.പി.ഒ. മുഹമ്മദ് ഷെബിൻ, സി.പി.ഒ. രോഹിത് എന്നിവരാണ് ഉണർന്നുപ്രവർത്തിച്ചത്.