പരപ്പനങ്ങാടി: അബദ്ധത്തിൽ കൈയിലകപ്പെട്ട കുടയുടെ അവകാശിയെ തേടി നെട്ടോട്ടമോടിയ ബാപ്പുട്ടി ഹാജി സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസമാണ് കെ.വി. അബ്ദുൽ ഖാദിർ എന്ന ബാപ്പുട്ടി ഹാജിയുടെ സഞ്ചിയിൽ ഒരേ നിറമുള്ള രണ്ടു കുടകൾ ചേർന്നു നിന്നത്. വീട്ടിലെത്തിയ ഹാജി പോയിടങ്ങളിലൊക്കെ കുടയുടെ അവകാശികളെ തെരഞ്ഞ് അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
തന്റെ കുടയുടെ അതേ നിറമുള്ള കുട തന്റേതാണെന്ന ധാരണയിൽ ബാപ്പുട്ടി ഹാജി അറിയാതെ എടുക്കുകയായിരുന്നു. മഴയില്ലാത്ത സമയമായതിനാൽ കുട തുറക്കാതെയാണ് ബാഗിൽ ഇട്ടത്. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ബാഗിൽ രണ്ടു കുടയുള്ള വിവരം അറിയുന്നത്. തന്റെ പിഴവുകൊണ്ട് ഒരാളുടെ കുട നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവിൽ കുട മടക്കിക്കൊടുക്കാനായി തലേന്ന് പോയ പള്ളികളിലും സ്ഥാപനങ്ങളിലും പച്ചക്കറി കടയിലുമൊക്കെ എത്തി അന്വേഷിച്ചെങ്കിലും ആരുടെ കുടയാണ് നഷ്ടപ്പെട്ടതെന്ന് അറിയാൻ കഴിഞ്ഞില്ല.
കുട ഉടമസ്ഥന് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മാർഥത കണ്ട് പ്രദേശത്തെ മാധ്യമപ്രവർത്തകൻ സംഗതി ഉടൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കകം പതിനായിരത്തിലേറെ ആളുകൾ ഇത് കാണുകയും നിരവധിപേർ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. ഇതോടെ കുടയുടെ അവകാശിയും ഇക്കാര്യമറിഞ്ഞു.
ചെറുകഥാകൃത്ത് റഷീദ് പരപ്പനങ്ങാടിയുടെ കുടയാണ് തന്റെ കൈയിലകപ്പെട്ടതെന്ന് അറിഞ്ഞ ബാപ്പുട്ടി ഹാജി ഉടൻ അദ്ദേഹത്തെ തെരഞ്ഞുപോയി. കുട മാറിയെടുത്ത പുത്തരിക്കലിനടുത്തെ കോർട്ട് റോഡിലെ മസ്ജിദുൽ സലാമിൽ വെച്ച് കുട കൈമാറി.