മലപ്പുറം:മാലിന്യമുക്തം നവകേരളം കാംപയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും ശുചിത്വ അംബാസഡര്‍മാരാക്കിക്കൊണ്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തദ്ദേശസംയംഭരണ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള അവബോധം എല്ലാ വീടുകളിലും എത്തിക്കുന്നതിന് ഒക്ടോബര്‍ രണ്ട്, അഞ്ച്, ആറ് തീയതികളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും. മാലിന്യസംസ്‌കരണം മികച്ച രീതിയില്‍ നടപ്പിലാക്കുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ പുരസ്‌കാരം നല്‍കും. “മാലിന്യമുക്ത നാട് എന്റെ അവകാശം” എന്ന സന്ദേശവുമായാണ് വിദ്യാര്‍ഥികള്‍ മാലിന്യമുക്തപ്രചാരണത്തിന്റെ ഭാഗമാവുന്നത്. ഇതിന്റെ ഭാഗമായി ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തും. എം.സി.എഫുകള്‍ സന്ദര്‍ശിച്ച് പാഴ്വസ്തുശേഖരണം, മാലിന്യം തരംതിരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതിന് അവസരമൊരുക്കും. “എന്റെ വിദ്യാലയം മാലിന്യമുക്തം” എന്ന വിഷയത്തില്‍ സ്‌കൂള്‍-കോളേജ് തലത്തില്‍ ശില്പശാലകള്‍ നടത്തും. ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ കാല്‍നടയാത്ര, സൈക്കിള്‍ റാലി, ഫ്ളാഷ‍്മോബ്, തെരുവുനാടകങ്ങള്‍ എന്നിവ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, ഉന്നതവിദ്യാഭ്യാസവകുപ്പ്, ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, കില, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് പ്രചാരണത്തിന്റെ ചുമതല. മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന പ്രചാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കുന്നതെന്നും ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു.
തദ്ദേശസംയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, അസി. ഡയറക്ടറും ‘മാലിന്യമുക്തം നവകേരളം’ നോഡല്‍ ഓഫീസറുമായ പി.ബി ഷാജു, ‘മാലിന്യമുക്തം നവകേരളം’ ജില്ലാ കോ-ഓഡിനേറ്റര്‍ ബീന സണ്ണി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.ഡി ജോസഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ