മലപ്പുറം : ജില്ലാഭരണകൂടവും സാമൂഹ്യനീതി വകുപ്പും ട്രോമാകെയറും ചേര്‍ന്ന് നടപ്പിലാക്കുന്ന കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ക്ലേശകരമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുന്നവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരെ അടിയന്തര സാഹചര്യങ്ങളില്‍ മോചിപ്പിക്കുകയും പുനരധിവസിക്കുകയും ചെയ്യുക എന്നതാണ് കെയര്‍ പദ്ധതിയുടെ ലക്ഷ്യം. പ്രകൃതി ദുരന്തങ്ങള്‍, മഹാരോഗങ്ങള്‍ തുടങ്ങിയ അടിയന്തരസാഹചര്യങ്ങളില്‍ പരിശീലനം ലഭിച്ച കെയര്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി സംരക്ഷണം നല്‍കുകയും ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് സഹായം നല്‍കാനും കെയര്‍ പദ്ധതിയിലെ വളന്റിയര്‍മാര്‍ പ്രാപ്തരാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ വി.ആര്‍ വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.എം മഹറലി അധ്യക്ഷത വഹിച്ചു. ബ്രോഷര്‍ പ്രകാശനം ജില്ലാ സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹിം അസി:കലക്ടര്‍ വി..എം .ആര്യയ്ക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, വനിതാശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ആശാമോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, മലപ്പുറം ഡി.വൈ.എസ്.പി പ്രേംജിത്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ മുഹമ്മദ്, സാമൂഹ്യസുരക്ഷാമിഷന്‍ കോ-ഓഡിനേറ്റര്‍ സി.ജാഫര്‍, വയോജന കൗണ്‍സില്‍ അംഗം വിജയലക്ഷ്മി, ഭിന്നശേഷി കൗണ്‍സില്‍ അംഗം സിനില്‍ദാസ്, കെയര്‍ പദ്ധതി കോ-ഓഡിനേറ്റര്‍ കെ.സി അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ