മൂന്നുപേരും ചേര്‍ന്ന് എന്നെ മുതലാക്കി. പെണ്ണുങ്ങള്‍ക്കുള്ള ബിയര്‍ ആണെന്ന് പറഞ്ഞ് മദ്യം തന്നു… പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണി’; സുജിത് ദാസിനെതിരായ മലപ്പുറത്തെ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ മുഴുവന്‍ രൂപം

മലപ്പുറം: വിവാദ മുന്‍ എസ്.പി സുജിത് ദാസിനെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് കേരളം. സുജിത് ദാസടക്കമുള്ള പൊലീസിലെ ഉന്നതര്‍ക്കെതിരായ മലപ്പുറം സ്വദേശിനിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടി.വിയാണ് പുറത്തുവിട്ടത്. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി.വി ബെന്നി, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഉന്നതര്‍ പരസ്പരം കൈമാറിയായിരുന്നു പീഡനമെന്നും യുവതി വെളിപ്പെടുത്തി.

ബലാത്സംഗം നടന്നത് മലപ്പുറത്ത്

2022ലാണ് മലപ്പുറത്തുവച്ച് പീഡനം നടന്നത്. വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനാണ് യുവതി പൊലീസിനെ സമീപിച്ചത്. സിഐ വിനോദിനാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ബലാത്സംഗംചെയ്തു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയായ സുജിത് ദാസിനെ കണ്ടു. അയാളും ബലാല്‍സംഗം ചെയ്‌തെന്നും യുവതി പറഞ്ഞു.

സ്ത്രീയുടെ വെളിപ്പെടുത്തല്‍:

പറയാന്‍ പോകുന്നത് ഞാന്‍ അനുഭവിച്ച വേദനയാണ്. വിനോദ് സാറിന്റെ അടുത്ത് ഞാന്‍ പരാതിയുമായി പോയി. വീടിന്റെ അവകാശത്തിന്റെ കാര്യത്തിനാണ് പോയത്. ഞാന്‍ അങ്ങോട്ടുവരാമെന്ന് സാര്‍ എന്നോട് പറഞ്ഞു. ഞാനും വീട്ടിലുള്ള പെണ്ണും തിണ്ണയില്‍ കിടക്കുകയായിരുന്നു. രാത്രി ഒമ്പതര സമയത്ത് വാതിലില്‍ മുട്ടി. ഞാന്‍ തുറന്നു. ഇതാരാണ് വന്നതെന്ന് കൂടെയുള്ള പെണ്ണ് എന്നോട് ചോദിച്ചു. പൊന്നാനി സിഐ ആണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ തിണ്ണയില്‍ ഇരുന്ന് സംസാരിച്ചു. രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞ് CI എന്നെ റൂമിലേക്ക് വിളിച്ചു. റൂമില്‍ ചെന്നപ്പോള്‍ വാതില്‍ അടയ്ക്കാന്‍ പറഞ്ഞു. ഞാന്‍ അടച്ചു. അപ്പോള്‍ എന്നെ ബലമായി പിടിച്ചു. എനിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു.

എന്താണ് വാതില്‍ തുറക്കാതിരുന്നത് എന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു. എനിക്ക് എല്ലാം മനസ്സിലായി, ഞാന്‍ രണ്ടു കുട്ടികളുടെ ഉമ്മയാണെന്ന് പറഞ്ഞു. വേറെ കാര്യമാണ് സംസാരിച്ചത് എന്ന് പറഞ്ഞ് അയാള്‍ പോയി. പിന്നീട് ഈ കേസ് സംബന്ധിച്ച് നിയമനടപടികള്‍ ഒന്നും ഉണ്ടായില്ല. വീണ്ടും പരാതി എഴുതി DySP ബെന്നിക്ക് കൈമാറി. ബെന്നി സാര്‍ പരാതി മുഴുവന്‍ വായിച്ചു. അതൊന്നും തേഞ്ഞു പോകില്ലല്ലോ അവിടെത്തന്നെ കാണുമല്ലോ എന്നാണ് DySP പറഞ്ഞത്. പിന്നീട് വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞു ചിരിച്ചു. കുറെ നാള്‍ ഇതിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല.

ഒരു ദിവസം DySP സാധാരണ ഡ്രസ്സില്‍ എന്റെ വീട്ടില്‍ കയറി വന്നു. നിന്റെ കാര്യം ശരിയായിട്ടുണ്ടെന്ന് പറഞ്ഞു. പിന്നീട് അവിടെ ഇരുന്ന് ജ്യൂസ് കുടിച്ചു. എന്നെ പിടിച്ചു വലിച്ചു, പക്ഷേ ഞാന്‍ വഴങ്ങിക്കൊടുത്തില്ല. എന്നെ ഉമ്മ വെച്ചശേഷം മടങ്ങിപ്പോയി. രണ്ടുമൂന്നു മാസത്തേക്ക് പിന്നീട് ഒരു വിവരവും ഉണ്ടായില്ല.

പരാതി നല്‍കാനായി എസ്പിയുടെ ഓഫീസില്‍ മൂന്നുതവണ കയറിയിറങ്ങി. എന്റെ റൂമിലേക്ക് വരൂ അവിടെവച്ച് സംസാരിക്കാമെന്നാണ് എസ്പി പറഞ്ഞത്. അവിടെവെച്ച് എന്നെ അയാള്‍ ബലാത്സംഗംചെയ്തു. എന്റെ വീടും ശരിയായില്ല. വിനോദ് സാര്‍ ചെയ്തതിനും നടപടി ഉണ്ടായില്ല. മൂന്നുപേരും ചേര്‍ന്ന് എന്നെ മുതലാക്കുകയായിരുന്നു.

അങ്ങിനെയിരിക്കെ ഒരു ദിവസം എസ്പി വിളിച്ചു. മലപ്പുറത്തെ അയാളുടെ ഓഫീസിലേക്കാണ് വിളിച്ച് സംസാരിച്ചത്. അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചു. ഇഷ്ടമുള്ള അത്രയും പൈസ എടുത്തോളൂ എന്നു എന്നോട് പറഞ്ഞു. പേടിയാണ് പൈസ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ നിര്‍ബന്ധിച്ചില്ല. സിറ്റൗട്ടിലിട്ട എന്റെ ചെരുപ്പ് അയാള്‍ അകത്തു കൊണ്ടുവന്നു. ഒന്നരമണി മുതല്‍ നാലര മണി വരെ അയാള്‍ എന്നെ ബലാത്സംഗംചെയ്തുകൊണ്ടിരുന്നു. അയാള്‍ മദ്യലഹരിയില്‍ ആയിരുന്നു. എന്നെയും കുടിക്കാന്‍ നിര്‍ബന്ധിച്ചു. പെണ്ണുങ്ങള്‍ക്കുള്ള ബിയര്‍ ആണെന്ന് പറഞ്ഞെങ്കിലും ഞാന്‍ കുടിച്ചില്ല. ഞാന്‍ മുസ്ലിമാണ്… ഇതൊന്നുംചെയ്യാറില്ലെന്ന് പറഞ്ഞു. പുറത്തു പറഞ്ഞാല്‍ പുറംലോകം ഇല്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. രണ്ടു കുട്ടികള്‍ക്ക് ഉമ്മ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തി.

മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞതിന് അപ്പുറം ഇല്ലെന്നാണ് സുജിത് ദാസ് എന്നോട് പറഞ്ഞത്. മറ്റ് ഉദ്യോഗസ്ഥരും ഞാന്‍ പറയുന്നത് മാത്രമേ കേള്‍ക്കൂവെന്നും പറഞ്ഞു. ഞാന്‍ ഒന്നും പറയില്ലെന്ന് തലയില്‍ കൈവെച്ച് സത്യം ചെയ്തു. കുറച്ചുദിവസം നല്ല വിഷമം ഉണ്ടായിരുന്നു, പിന്നെ അത് മറന്നു. വീണ്ടും പരാതിയുമായി പോയാല്‍ എന്നെ ഉപദ്രവിക്കില്ലേ… ഉപദ്രവിച്ച ആളുകളോട് തന്നെയല്ലേ പരാതി പറയേണ്ടത് എന്നൊക്കെ ആലോചിച്ചു.

ഇപ്പോള്‍ സുജിത് ദാസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഇക്കാര്യങ്ങളെല്ലാം പുറത്തുപറയാന്‍ തോന്നി. എനിക്ക് അന്‍വര്‍ എംഎല്‍എയെ കാണണം. കുറെ കാര്യങ്ങള്‍ പറയാനുണ്ട്. ഇനി ഒരു സ്ത്രീയെയും ഇവരാരും ഉപദ്രവിക്കരുത്. ഞങ്ങള്‍ പാവങ്ങളും അവര്‍ വലിയ പിടിപാടുള്ള ആളുകളും ആണ്. അതുകൊണ്ടാണ് എന്റെ കാര്യം തള്ളിക്കളഞ്ഞത്. മുഖ്യമന്ത്രിയെ അറിയാം, ഉന്നതരുമായി ബന്ധമുണ്ടെന്നൊക്കെ പറഞ്ഞു. വിനോദിന്റെ പേര് പറഞ്ഞതുപോലെ എന്റെ പേര് പറയരുതെന്ന് പറഞ്ഞു. പേടി കാരണം പറയില്ലെന്ന് വാക്കു കൊടുത്തു.’

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *