താനൂർ: താനൂർ തെയ്യാല റെയിൽവെ ഗേറ്റ് മേൽപാലം പ്രവൃത്തിക്കായി സപ്തംബർ രണ്ടാം വാരത്തിൽ അടച്ചിടുമെന്ന റെയിൽവേ അധികൃതരുടെ ഉത്തരവിനെത്തുടർന്ന് വ്യാപാരികളടക്കമുള്ള യാത്രക്കാർക്കുണ്ടായ പ്രയാസങ്ങൾക്കും ഉൽകണ്ഠകൾക്കും പരിഹാരമായി. വിശേഷിച്ചും ഓണാഘോഷത്തോട് ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി യാത്രക്കാരുടെ വാഹനങ്ങളുടെയും ചരക്ക് വണ്ടികളുടെയും ഗതാഗതത്തിന് ഉണ്ടാകുന്ന തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ ഫലമായിട്ടാണ് പ്രശ്നത്തിന് പരിഹാരമായത്. അബ്ദുസ്സമദ് സമദാനി എം.പി ആവശ്യപ്പെട്ടതനുസരിച്ച് ലെവൽ ക്രോസിംഗ് ഗേറ്റ് അടച്ചിടുന്ന നടപടി സെപ്തംബർ 16 വൈകുന്നേരം വരെ ദീർഘിപ്പിക്കാൻ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ സമ്മതിച്ചു. ഈ തീരുമാനം ജനങ്ങൾക്ക് ഏറെ ആശ്വാസമായി. സപ്തംബർ പതിനാറ് മുതൽ ഒരാഴ്ചക്കാലത്തേക്കാണ് മേൽപ്പാല നിർമാണത്തിനായി ഗേറ്റ് അടച്ചിടുക. ഓണക്കാലത്തെ തിരക്കുകൾ പരിഗണിച്ച് കച്ചവടക്കാർക്കും നാട്ടുകാർക്കും സൗകര്യപ്രദമായ തീരുമാനം റെയിൽവേ അധികൃതരെക്കൊണ്ടെടുപ്പിച്ച എം.പിയുടെ നടപടിയിൽ താനൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയും സന്നദ്ധ സംഘടനകളും സന്തോഷം രേഖപ്പെടുത്തി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here