മലപ്പുറം: ജില്ലയിലെ ബാങ്കുകളിൽ ഈ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ (2024 ജൂൺ) 55,499 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തിലേതിനെക്കാൾ 181 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ പാദത്തിൽ (2024 മാർച്ച്) ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 55,318.02 കോടി രൂപയായിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇതിൽ 13,541 കോടി രൂപ പ്രവാസി നിക്ഷേപമാണ്. കഴിഞ്ഞ പാദത്തിൽ പ്രവാസി നിക്ഷേപം 12893 കോടി രൂപയായിരുന്നു.
ജില്ലയിലെ മൊത്തം വായ്പകൾ 37,464 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ 518 കോടി രൂപയുടെ വർദ്ധവുണ്ടായി. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം (സി.ഡി. റേഷ്യോ) 67.5 ശതമാനം ആണ്. കഴിഞ്ഞ പാദത്തിൽ ഇത് 66.73 ശതമാനമായിരുന്നു.
കേരള ഗ്രാമീൺ ബാങ്ക് (78.89%), കാനറാ ബാങ്ക് (75.6%), എസ്.ബി.ഐ (45.58%), ഫെഡറൽ ബാങ്ക് (31.93%), സൗത്ത് ഇന്ത്യൻ ബാങ്ക് (40.48%) എന്നിങ്ങനെയാണ് വിവിധ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തിന് മുകളിൽ എത്തിക്കാൻ എല്ലാ ബാങ്കുകളും ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലയിൽ വിവിധ ബാങ്കുകൾക്കായി 716 ബാങ്ക് ശാഖകളാണുള്ളത്. പൊതുമേഖലയിൽ 184, സ്വകാര്യമേഖലയിൽ 183, ഗ്രാമീൺ 95, സ്മാൾ ഫിനാൻസ് 58, സഹകരണ മേഖല 195, ഒരു പോസ്റ്റൽ പേയ്‌മെന്റ് എന്നിങ്ങനെയാണ് ബാങ്ക് ബ്രാഞ്ചുകൾ. 576 എ.ടി.എമ്മുകളും 106 സി.ഡി.എമ്മുകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
മലപ്പുറം മഹേന്ദ്രപുരി ഹോട്ടലിൽ നടന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം മെഹറലി അദ്ധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് ഓഫീസർ എം. മുത്തുകുമാർ, നബാർഡ് ജില്ലാ ഡെവലപ്പ്‌മെന്റ് മാനേജർ എ. മുഹമ്മദ് റിയാസ്, കനറാ ബാങ്ക് എ.ജി.എം ശ്രീവിദ്യ, ജില്ലാ ലീഡ് ബാങ്ക് മാനേജർ എം.എ. ടിറ്റൻ തുടങ്ങിയവർ പ്രസംഗിച്ചു.