മലപ്പുറം: ജില്ലയെ പുകയില രഹിതമാക്കാൻ യെല്ലോലൈൻ കാമ്പയിൻ ഒരുങ്ങുന്നു. ജനങ്ങളെ പുകയിലയുടെ പിടിയിൽനിന്ന് രക്ഷിക്കുന്നതിനും ആരോഗ്യസംരക്ഷണവുമാണ് യെല്ലോലൈൻ കാമ്പയിനിന്റെ ലക്ഷ്യമെന്ന് ജില്ലാകളക്ടർ വി.ആർ. വിനോദ് അറിയിച്ചു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളിലെ ബ്ലോക്കുതല ഉദ്യോഗസ്ഥർക്ക് നടത്തിയ പരിശീലനപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
2024 ജനുവരിയിൽ അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് സമ്പൂർണ പുകയില രഹിത വിദ്യാലയങ്ങളുള്ള പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു. ഇതേ രീതിയിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളും പഞ്ചായത്തുകളും പുകയിലരഹിതമാക്കുകയും പുകയിലയുടെയും മറ്റ് ലഹരിപദാർഥങ്ങളുടെയും ഉപയോഗം കുറയ്ക്കുകയുമാണ് കാമ്പയിനിന്റെ ലക്ഷ്യം. ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, എൻ.സി.ഡി. നോഡൽ ഓഫീസർ ഡോ. വി. ഫിറോസ് ഖാൻ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രമേഷ്‌കുമാർ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എം. ഫസൽ, പാലിയേറ്റീവ് കോഡിനേറ്റർ ഫൈസൽ, ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ്‌കുമാർ, റിട്ട. ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി. രാജു എന്നിവർ പ്രസംഗിച്ചു. വിവിധ വകുപ്പുകളിലെ ബ്ലോക്ക്തല ഉദ്യോഗസ്ഥന്മാർ, ഫീൽഡ് തല ഉദ്യോഗസ്ഥന്മാർ എന്നിവർ പരിശീലനപരിപാടിയിൽ പങ്കെടുത്തു.