പെരിന്തൽമണ്ണ : ആളില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് തളിക്കോട് തടത്തരിക്കുത്ത് സജിന മൻസിലിൽ നസീമിനെയാണ് (റോയ്-52) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇക്കഴിഞ്ഞ മേയ് 22-ന് പുലർച്ചെ പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കരയിലെയും, ആശാരിക്കരയിലെയും വീടുകളിൽ നടത്തിയ മോഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു വീട്ടിൽനിന്ന് സ്വർണാഭരണവും മറ്റൊരു വീട്ടിൽ നിന്ന് വിദേശ കറൻസികളടങ്ങിയ പണവും വാച്ചുമാണ് മോഷണം പോയത്. സംസ്ഥാനത്തുടനീളം നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നസീമെന്ന് പോലീസ് പറഞ്ഞു. മറ്റൊരു കേസിൽ മാവേലിക്കര പോലീസിന്റെ പിടിയിലായ പ്രതിയെ പെരിന്തൽമണ്ണയിലെ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല കുറ്റപ്പുഴയിൽ കുടുംബമായി ഇപ്പോൾ താമസിച്ച് വരികയായിരുന്നു.
മൊബൈൽ ഫോൺ ഒഴിവാക്കി മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്ത് രാത്രി പത്തിനുമുൻപായെത്തും. അവിടുത്തെ ബാറിൽനിന്ന് മദ്യപിച്ചശേഷം ഇടറോഡുകളിലൂടെ സഞ്ചരിച്ച് സി.സി.ടി.വി. സ്ഥാപിച്ചിട്ടില്ലാത്തതും ആളില്ലാത്തതുമായ വീടുകളിൽ മോഷ്ടിക്കാൻ കയറുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനുശേഷം പുലരുംമുൻപേ ബസിൽ മടങ്ങും. പെരിന്തൽമണ്ണ എസ്.ഐ. ടി.പി. ഉദയന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ. മിഥുൻ, സി.പി.ഒ. മുഹമ്മദ് സജീർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.