മലപ്പുറം ജില്ലയിൽ ഒന്നേകാൽ ലക്ഷത്തിലേറെപ്പേർ വാഹന ആർ.സി.ക്കായി കാത്തിരിക്കുന്നു

പെരിന്തൽമണ്ണ: മാസങ്ങളായി വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റി (ആർ.സി.)നായി ജില്ലയിൽ കാത്തിരിക്കുന്നത് ഒന്നേകാൽ ലക്ഷത്തിലേറെപ്പേർ. വാഹനങ്ങളുടെ കൊടുക്കൽ വാങ്ങലും കൈമാറ്റവുമടക്കം പ്രതിസന്ധിയിലായതോടെ ഇവയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവരും വലിയ പ്രയാസത്തിലായി.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ജൂൺ, ജൂലായ് മാസങ്ങളിൽ അനുവദിച്ചവർക്കാണ് ഇപ്പോൾ അച്ചടിച്ച ആർ.സി. തപാലിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. നാലുമാസത്തിനുള്ളിൽ ജില്ലയിലെ സബ് ആർ.ടി. ഓഫീസുകളായ മലപ്പുറം (27,500), തിരൂർ (23,000), തിരൂരങ്ങാടി (12,000), പൊന്നാനി (19,000), പെരിന്തൽമണ്ണ (21,500), നിലമ്പൂർ (19,500), കൊണ്ടോട്ടി (9,000) എന്നിവയിലായി 1.31 ലക്ഷം അപേക്ഷകർക്കാണ് ആർ.സി. നൽകാനുള്ളത്.

ആർ.സി.ക്ക്‌ അപേക്ഷ നൽകുമ്പോൾ അച്ചടിച്ച കാർഡിനായി 200 രൂപയും തപാൽ ചെലവായി 45 രൂപയും അപേക്ഷകരിൽനിന്ന് മോട്ടോർ വാഹനവകുപ്പ് വാങ്ങുന്നുണ്ട്. ഈ തുക വാങ്ങുമ്പോളും അച്ചടിച്ച ആർ.സി.ക്കായി മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു.

വാഹനങ്ങൾക്ക് ഫിനാൻസ് നൽകുന്ന സ്ഥാപനങ്ങൾ, യൂസ്ഡ് കാർ ഡീലർമാർ, നിലവിലെ വാഹനം വിറ്റ് പുതിയത് വാങ്ങാൻ ഉദ്ദേശിക്കുന്നവർ (എക്സ്‌ചേഞ്ച്), ആർ.സി.യും അനുബന്ധ സേവനങ്ങളും നൽകുന്ന കൺസൾട്ടന്റുമാർ തുടങ്ങിയവരാണ് ആർ.സി. ലഭിക്കാത്തതിനാൽ ഏറെ പ്രയാസത്തിലായിരിക്കുന്നത്.

സമയത്ത് ആർ.സി. ലഭിക്കാത്തതിനാൽ ഇവരുടെ ഇടപാടുകളൊന്നും നടത്താനാവാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു.  അനുവദിക്കപ്പെട്ട ആർ.സി. പകർപ്പ് ഓൺലൈനിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാൻ 50 രൂപ കൂടി നൽകേണ്ട അവസ്ഥയാണെന്ന് ഓൾ കേരള ഓട്ടോ കൺസൾട്ടന്റ് വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ പ്രസിഡന്റ് കെ. ഗോപി പറഞ്ഞു.

അതേസമയം ഓരോ ഓഫീസുകൾക്ക് കീഴിലുമുള്ള അപേക്ഷകളിൽ ആർ.സി. അനുവദിക്കുകയല്ലാതെ പിന്നീടുള്ള കാര്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്വത്തിലല്ലെന്നാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്‌. ആർ.സി. പ്രിന്റ് ചെയ്യുന്നത് കൊച്ചിയിലെ ഏകീകൃത കേന്ദ്രത്തിലാണ്. ഇവിടെ നിന്ന് യഥാസമയം കിട്ടാത്തതാണ് ആർ.സി.കൾ കെട്ടിക്കിടക്കുന്നതിന് കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *