കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
10 ലക്ഷം പറഞ്ഞിട്ടും കൊടുത്തില്ല’; രാഹുൽ തുന്നിയ ചെരുപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കുമെന്ന് റാം ചേത്
രാഹുല്‍ ഗാന്ധി തുന്നിയ ചെരുപ്പിന് പത്ത് ലക്ഷം രൂപ വില പറഞ്ഞിട്ടും വിറ്റില്ലെന്ന് ചെരുപ്പുകുത്തിയായ റാം ചേത്. ആ ചെരുപ്പ് തന്റെ ഭാഗ്യമാണെന്നും അത് ചില്ലുകൂട്ടില്‍ സൂക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റാം ചേത് പറയുന്നു. കഴിഞ്ഞ ജൂലൈ 26-നാണ് സുല്‍ത്താന്‍പുരിലെ കോടതിയില്‍ ഹാജരായി തിരിച്ചുപോകുന്നതിനിടയില്‍ രാഹുല്‍ റാം ചേതിന്റെ ചെരുപ്പ് തുന്നുന്ന ചെറിയ കടയിലെത്തിയത്.
അവിടെ ഇറങ്ങിയ രാഹുല്‍ തൊഴില്‍ പ്രശ്‌നങ്ങളും വീട്ടിലെ അവസ്ഥയുമെല്ലാം റാം ചേതിനോട് ചോദിച്ച് മനസിലാക്കി. ചെരുപ്പ് തുന്നാനും ഒട്ടിക്കാനും ഒപ്പംചേര്‍ന്നു. അങ്ങനെ രാഹുല്‍ തുന്നിയ ഒരു ചെരുപ്പിന് 10 ലക്ഷം രൂപ വരെ നല്‍കാമെന്ന വാഗ്ദ്ധാനവുമായി ആളുകള്‍ തന്നെ സമീപിച്ചുവെന്ന് റാംചേത് പറഞ്ഞു.
സുല്‍ത്താന്‍പുരിലെ വിധായക് നഗറിനടുത്താണ് റാമിന്റെ ചെറിയ കടയുള്ളത്. രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം തന്റെ ജീവിതമാകെ മാറ്റിയെന്ന് റാം പറയുന്നു. ‘എന്റെ ലോകം ആകെ മാറിപ്പോയി. മുമ്പ് ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. ഇപ്പോള്‍ പലരും എന്റെ അടുത്ത് വന്ന് സെല്‍ഫിയെടുക്കുന്നു. രാഹുല്‍ തുന്നിയ ചെരുപ്പ് വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് നിരവധി പേര്‍ ഫോണിലൂടെ ബന്ധപ്പെട്ടു. 10 ലക്ഷം രൂപ വരെ വില പറഞ്ഞു. ആ ചെരുപ്പ് എന്റെ ഭാഗ്യമാണെന്നും അത് ചില്ലുകൂട്ടില്‍ സൂക്ഷിക്കുമെന്നും ഞാന്‍ അവരോട് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇപ്പോള്‍ കടയിലെത്തി എന്റെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.’ റാം പറയുന്നു.
2018 മെയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ട കേസില്‍ ഹാജരാകാനാണ് രാഹുല്‍ സുല്‍ത്താന്‍പുരിലെത്തിയത്. പ്രാദേശിക ബിജെപി നേതാവായ വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്.