ലഖ്നൗ: സംഭലിൽ ആറുപേരെ വെടിവച്ചുകൊന്നതിനെതിരായ പ്രതിഷേധം അണയും മുമ്പ് തന്നെ പള്ളിക്ക് നേരെ ബുൾഡോസർ രാജുമായി യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും 100 വർഷങ്ങൾ പഴക്കമുള്ള മസ്ജിദ് ആണ് നിയമവിരുദ്ധമായി നിർമിച്ചതെന്ന് ആരോപിച്ച് പൊളിച്ചുനീക്കിയത്. യു.പിതലസ്ഥാനമായ ലഖ്‌നൗവിൽനിന്ന് 125 കിലോമീറ്റർ അകലെ ഫതഹ്പൂർ ജില്ലയിലെ ലലൗലി നഗരത്തിൽ സ്ഥിതിചെയ്യുന്ന നൂരി മസ്ജിദ് ആണ് പൊളിച്ചത്. സംഭൽ ഷാഹി ജുമാ മസ്‌ജിദിന് മേൽ സംഘ്‌പരിവാർ അവകാശവാദം ഉന്നയിക്കുകയും സർവേ നടത്തിയതിനെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചു കൊല്ലുകയുംചെയ് സംഭവത്തിലുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ നടപടി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
റോഡ് വീതികൂട്ടുന്നതിനായി യു.പി പൊതുമരാമത്ത് വകുപ്പ് പള്ളിയുടെ ചില ഭാഗങ്ങൾ നീക്കംചെയ്യാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും മസ്‌ജിദ് കമ്മിറ്റി അത് നടപ്പാക്കിയില്ലെന്നും അതിനാലാണ് പൊളിച്ചുനീക്കിയതെന്നുമാണ് അധികൃതരുടെ വാദം. പള്ളിയുടെ 20 മീറ്റർ ഭാഗം പൊളിച്ചെന്നും അതിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്തെന്നും ലലൗലി പൊലിസ് സ്റ്റേഷൻ ഇൻ ചാർജ് വൃന്ദാവൻ റായ് പറഞ്ഞു.
പള്ളി പൊളിച്ചുനീക്കാനുള്ള ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം ചോദ്യംചെയ്ത് പള്ളി കമ്മിറ്റി അലഹാബ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കനത്ത പൊലിസ് സാന്നിധ്യത്തിൽ അഞ്ച് ബുൾഡോസറുകളെത്തി പള്ളി തകർത്തത്. പള്ളി പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 17നാണ് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയത്. ഇതിനെതിരേയാണ് കമ്മിറ്റി ഹൈക്കോടതിയെ സമീപ്പിച്ചത്.
സർക്കാരിന്റെ ആരോപണങ്ങൾ പള്ളി കമ്മിറ്റി നിഷേധിച്ചിട്ടുണ്ട്. പള്ളി 1839ൽ ആണ് സ്ഥാപിച്ചത്. ഈ സമയത്ത് അതിന് മുമ്പിൽ റോഡ് ഇല്ലായിരുന്നു. 1956ൽ മാത്രമാണ് ഇതുവഴി റോഡ് നിർമിച്ചതെന്നും അതിനാൽ പള്ളി കൈയേറ്റ ഭൂമിയിലാണെന്നും നിയമവിരുദ്ധമായി നിർമിച്ചതാണെന്നുമുള്ള ആരോപണങ്ങൾ ശരിയല്ലെന്നും നൂരി മസ്‌ജിദ് മുതവല്ലി മുഹമ്മദ് മുഈൻ ഖാൻ അറിയിച്ചു.